X

ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമേ അറിയൂ, മോഹന്‍ലാലിനെ വേദിയിലിരുത്തി ലാല്‍ ഫാന്‍സുകാരെ അതൃപ്തി അറിയിച്ച് പിണറായി

അവര്‍ ഇത് അവസാനിപ്പിക്കാന്‍ പോകുന്നില്ല. ഇത് അവരുടെ പ്രായത്തിന്റെ പ്രത്യേകതയായി കണ്ടാല്‍ മതി - മോഹന്‍ലാലിന് വേണ്ടിയുള്ള ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കും കയ്യടികള്‍ക്കുമിടയില്‍ പിണറായി പറഞ്ഞു.

പാലക്കാട്ടെ പൊതുപരിപാടിയില്‍ തന്റെ പ്രസംഗത്തിനിടെ വേദിയിലിരുന്ന നടന്‍ മോഹന്‍ലാലിന് വേണ്ടി ആര്‍പ്പ് വിളിച്ച ആരാധകരെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് നെന്മാറയില്‍ സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ശകാരത്തിന്റെ സ്വരത്തിലല്ലാതെ ചിരിച്ചുകൊണ്ട് സൗമ്യമായാണ് പിണറായി മോഹന്‍ലാല്‍ ആരാധകരുടേത് പക്വതയില്ലാത്ത സമീപനമാണ് എന്ന് സൂചിപ്പിച്ചത്.

ഇത് സാധാരണ ഉണ്ടാകുന്നതാണ്. നമ്മുടെ നാടിന്റെ ഭാഗമായ കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ചിലര്‍ ഒരു ചെറിയ വൃത്തത്തില്‍ ഒതുങ്ങി നില്‍ക്കും. അവര്‍ക്ക് അതിനപ്പുറം ഒന്നുമില്ല. മോഹന്‍ലാല്‍ എന്ന മഹാനടന്‍ നമ്മുടെയെല്ലാം അഭിമാനമാണ്. പക്ഷെ ഈ ഒച്ചയുണ്ടാക്കുന്നവര്‍ക്ക് അത് മാത്രമേ ഉള്ലൂ കാര്യം. അതിനപ്പുറം ഒരു ലോകമില്ല. അവര്‍ ഇത് അവസാനിപ്പിക്കാന്‍ പോകുന്നില്ല. ഇത് അവരുടെ പ്രായത്തിന്റെ പ്രത്യേകതയായി മാത്രം കണ്ടാല്‍ മതി – മോഹന്‍ലാലിന് വേണ്ടിയുള്ള ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കും കയ്യടികള്‍ക്കുമിടയില്‍ പിണറായി പറഞ്ഞു. എന്നാല്‍ പിന്നീട് പ്രസംഗിച്ച മോഹന്‍ലാല്‍ ആരാധകരുടെ ആര്‍പ്പ് വിളിയെക്കുറിച്ചോ പിണറായി നടത്തിയ വിമര്‍ശനത്തെക്കുറിച്ചോ ഒന്നും പറയാതെയാണ് പ്രസംഗിച്ചത്.

This post was last modified on June 16, 2019 11:33 pm