X

“അഴിമതിക്കാര്‍ക്ക് കക്കാന്‍ സര്‍ക്കാര്‍ വിവരാവകാശത്തില്‍ വെള്ളം ചേര്‍ത്തു, അഴിമതിവിരുദ്ധ പോരാളികളൊക്കെ എവിടെ?” എന്ന് രാഹുല്‍ ഗാന്ധി

അഴിമതിക്കെതിരെ ഉറക്കെ നിലവിളിച്ചിരുന്നവരെയൊന്നും കാണാനില്ല എന്നത് വിചിത്രമായിരിക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന അഴിമതിക്കാരെ സഹായിക്കാനായി മോദി സര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തതായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അഴിമതിക്കെതിരെ ഉറക്കെ നിലവിളിച്ചിരുന്നവരെയൊന്നും കാണാനില്ല എന്നത് വിചിത്രമായിരിക്കുകയാണ് എന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ വലിയ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നവരെ പരിഹസിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും അടക്കമുള്ളവരാണ് ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന് നേതൃത്വം നല്‍കിയിരുന്നത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാരിന്റെ പതനത്തിലും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ അധികാരാരോഹണത്തിലും ഈ അഴിമതി ആരോപണങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ഇത് സൂചിപ്പിച്ചാണ് രാഹുല്‍ പരിഹാസവുമായി രംഗത്തെത്തിയത്.

കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനവും ശമ്പളം അടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്നതും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്ന ബില്‍ 2005ലെ വിവരാവകാശ നിയമത്തെ ദുര്‍ബലമാക്കുന്നതാണ് എന്ന വിമര്‍ശനം ഉയര്‍ത്തി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിമര്‍ശനമുയര്‍ത്തിയിരുന്നു. RTI Elimination Bill എന്നാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഇതിനെ വിശേഷിപ്പിച്ചത്.