X

ഞാനിപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റല്ല, ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്തൂ: നേതാക്കളോട് രാഹുല്‍

മുതിര്‍ന്ന നേതാക്കള്‍ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചിട്ടും രാഹുല്‍ വഴങ്ങിയില്ല.

ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്തിയിരിക്കണമെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി. രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താന്‍ രാജി നല്‍കിയതിനാല്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന തീരുമാനത്തില്‍ ഇടപെടില്ല എന്നും രാഹുല്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നിരന്തരം ശ്രമിച്ചിട്ടും രാഹുല്‍ വഴങ്ങിയില്ല.

മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെ പ്രസിഡന്റ് ആയേക്കും എന്ന അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേയ് 25ന്റെ പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജി നല്‍കിയത്. പ്രവര്‍ത്തകസമിതി രാജി തള്ളിക്കളഞ്ഞെങ്കിലും രാഹുല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം രാഹുലിനെ ഡല്‍ഹിയിലെ വീട്ടിലെത്തി കണ്ടിരുന്നു. മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒക്ടോബറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനാരിക്കുകയാണ്.

ആറ് പേജുള്ള കത്താണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് താന്‍ ഉത്തരവാദിയാണ് എന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നു. വിശ്വാസ്യത ഉറപ്പുവരുത്തേണ്ടത് നമ്മുടെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. ഇതുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്നും രാഹുല്‍ പറയുന്നു. പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കാന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരും. വലിയൊരു വിഭാഗം നേതാക്കള്‍ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകേണ്ടതുണ്ട്. മറ്റുള്ളവര്‍ മാത്രം ഉത്തരവാദിത്തമേറ്റെടുത്ത് ഞാന്‍ അതില്‍ നിന്ന് മാറിനില്‍ക്കുന്നത് ശരിയല്ല.

This post was last modified on July 3, 2019 4:27 pm