X

പ്രത്യേക പദവി പിന്‍വലിച്ചതിനെതിരെ പ്രതിഷേധം ശക്തം; കാശ്മീരില്‍ വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്തി

കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന ഉത്തരവുകളും അറിയിപ്പുകളും ഉച്ചഭാഷിണിയിലൂടെ വന്നുതുടങ്ങി.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച് കേന്ദ്ര ഭരണപ്രദേശങ്ങളാക്കി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു. ബലി പെരുന്നാളിന് മുന്നോടിയായി കാശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങള്‍ വെള്ളിയാഴ്ച ഭാഗികമായി പിന്‍വലിച്ചിരുന്നു. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചിരുന്നു. എന്നാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൂട്ടം കൂടുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന ഉത്തരവുകളും അറിയിപ്പുകളും ഉച്ചഭാഷിണിയിലൂടെ വന്നുതുടങ്ങിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീനഗറിലെ സോറയില്‍ 10,000ത്തോളം പേര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതായി റോയിട്ടേഴ്‌സും ബിബിസിയും അല്‍ ജസീറയും വാഷിംഗ്ടണ്‍ പോസ്റ്റുമടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചതായി ഈ മാധ്യമങ്ങളും ദ വയറും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമായ പ്രചാരണമാണ് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാദം.

പത്തോ ഇരുപതോ പേരുള്ള വെറും തെരുവ് പ്രകടനങ്ങള്‍ മാത്രമാണ് നടന്നത് എന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. ശ്രീനറിലും ബാരാമുള്ളയിലും ചെറിയ കല്ലേറ് മാത്രമാണുണ്ടായത് എന്നാണ് പൊലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞത്. അതേസമയം വലിയ ജനക്കൂട്ടം പങ്കെടുത്ത പ്രതിഷേധത്തിന്റെ വീഡിയോ ബിബിസി പുറത്തുവിട്ടിട്ടുണ്ട്.

This post was last modified on August 11, 2019 3:54 pm