X

വിവരാവകാശ നിയമ ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കി; ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്, ഡിഎംകെയും വൈ എസ് ആറും ബില്ലിനെ പിന്തുണച്ചു

അതേസമയം പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെയുടേയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റേയും ബിജെഡിയുടേയും ടിആര്‍എസിന്റേയും പിന്തുണയോടെയാണ് ബില്‍ പാസായത്.

വിവരാവകാശ നിയമ ഭേദഗതി ബില്‍ ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെയാണ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലാതിരുന്ന രാജ്യസഭയില്‍ ബില്‍ പാസാക്കിയത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികളായ ഡിഎംകെയുടേയും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റേയും ബിജെഡിയുടേയും ടിആര്‍എസിന്റേയും പിന്തുണയോടെയാണ് ബില്‍ പാസായത്. കേന്ദ്ര സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധി, ശമ്പളം തുടങ്ങിയവ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത് അടക്കമുള്ള വിവാദ വ്യവസ്ഥകള്‍ വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തവുമായ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം വോട്ടെടുപ്പ് തുടങ്ങുന്നതിന് മുമ്പെ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധവുമായി സഭ വിട്ടിറിങ്ങി. ബിജു ജനതാദളിന്റെ പിന്തുണയ്ക്കായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. വലിയ ബഹളമാണ് ബില്ലിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയത്. പാര്‍ലമെന്റ് ഈ ബില്‍ പരിശോധിക്കണമെന്ന് തൃണമൂല്‍ എംപി ഡെറിക് ഓബ്രിയന്‍ ആവശ്യപ്പെട്ടു. ഇത് ട്വന്റി 20 മത്സരമല്ല എന്നും ഡെറിക് ഓബ്രിയന്‍ ഓര്‍മ്മിപ്പിച്ചു. എല്ലാ ബില്ലുകളും സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ വിടാന്‍ ആവശ്യപ്പെടുന്നത് ശരിയല്ല എന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ് എംപി വിജയ് സായ് റെഡ്ഡി എന്‍ഡിടിവിയോട് പറഞ്ഞു.

2005 വിവരാവകാശ നിയമത്തിന്റെ 13, 16 വകുപ്പുകളാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. 2005ലെ നിയമപ്രകാരം പതിമൂന്നാം വകുപ്പ് കേന്ദ്ര ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇർഫർമേഷൻ കമ്മീഷണർമാരുടെയും നിയമന കാലാവധി അഞ്ച് വർഷമോ 65 വയസ്സ് തികയും വരെയോ ആണ് നിശ്ചയിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തുകയാണ് പുതിയ ഭേദഗതിയിലൂടെ സർക്കാർ ചെയ്തിരിക്കുന്നത്. ഇതോടെ ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇർഫർമേഷൻ കമ്മീഷണർമാരുടെയും നിയമനം കേന്ദ്ര സർക്കാരിന് ഉചിതമെന്ന് തോന്നുന്ന വിധത്തിൽ നിശ്ചയിക്കാമെന്ന് വന്നിരിക്കുകയാണ്.

ചീഫ് ഇലക്ഷൻ കമ്മീഷണറുടേതിന് സമാനമായ അലവൻസുകളും മറ്റുമാണ് ചീഫ് ഇൻഫർമേഷൻ കമ്മീഷണർക്കും നൽകിയിരുന്നത്. പതിമൂന്നാം വകുപ്പിൽ മാറ്റം വരുത്തി ഇത് കേന്ദ്രസർക്കാർ നിശ്ചയിക്കുംപടിയാക്കി മാറ്റിയിട്ടുണ്ട്.

2005ലെ വിവരാവകാശ നിയമത്തിലെ പതിനാറാം വകുപ്പ് പ്രകാരം സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇൻഫർമേഷൻ കമ്മീഷണർമാരുടെയും കാലാവധി പരമാവധി 5 വർഷമോ, റിട്ടയർ പ്രായം വരെയോ ആയി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ, പുതിയ നിയമഭേദഗതി പ്രകാരം നിയമന കാലാവധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമായിരിക്കും. ഇതോടെ ഏതു സമയത്തും നീക്കം ചെയ്യപ്പെടാൻ സാധ്യതയുള്ള, അതിനാൽത്തന്നെ താരതമ്യേന അധികാരം കുറഞ്ഞ ഒരു പദവിയായി കേന്ദ്ര-സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർമാരുടെ പദവികൾ മാറുന്നു. സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെയും ഇൻഫർമേഷൻ കമ്മീഷണർമാരുടെയും ശമ്പളവും കേന്ദ്ര സർക്കാരിന് എപ്പോൾ വേണമെങ്കിലും ഭേദഗതി വരുത്താനുള്ള അധികാരമുണ്ടായിരിക്കും.

വിവരാവകാശ അധികാരികളുടെ സ്വാതന്ത്ര്യത്തെ വലിയ തോതിൽ നിയന്ത്രിക്കുന്നതിനാണ് ഈ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന് ആരോപിക്കപ്പെടുന്നു. ഇപ്പോഴത്തെ ഭേദഗതി ബില്ലിനെ ‘ആർടിഐ എലിമിനേഷൻ ബിൽ’ കോൺഗ്രസ് എംപി ശശി തരൂർ എന്നാണ് വിശേഷിപ്പിച്ചത്.

This post was last modified on July 25, 2019 8:39 pm