തലശേരി എംഎല്‍എ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹലയെ കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി നിയമിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ ഒഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് നടന്ന താത്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്കുള്ള ഷഹലയുടെ നിയമനം വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണെന്ന് ആരോപിച്ച് നല്‍കിയതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും കണ്ണൂര്‍ യൂണിവേഴ്സിറ്റിയോടും വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വിശദീകരണങ്ങള്‍ പരിഗണിച്ച ശേഷമയിരിക്കും ഇക്കാര്യത്തില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുക.
തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വകലാശാല ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടി റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ. എം പി ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം പിന്നീട് ഒബിസി മുസ്ലിം എന്ന് തിരുത്തിയാണ് ഷഹലയ്ക്ക് നിയമനം നല്‍കിയതെന്നായിരുന്നു ഡോ. എം പി ബിന്ദുവിന്റെ പരാതി.
അതേസമയം അവസാനം നടത്തിയ നിയമനം പൊതുവിഭാഗത്തിലായതിനാല്‍ പിന്നീട് വരുന്ന നിയമനം സംവരണവിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നായിരുന്നു സര്‍വകലാശാലയുടെ വിശദീകരണം. എന്നാല്‍ പെഡഗോഗിക്കല്‍ സയന്‍സില്‍ കഴിഞ്ഞ എട്ടിന് നടന്ന അഭിമുഖത്തില്‍ സംവരണ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥിക്കു നിയമനം നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ എംഎല്‍എയുടെ ഭാര്യയെ നിയമിച്ച തസ്തിക ജനറല്‍ വിഭാഗത്തിന് അര്‍ഹതപ്പെട്ടതാണെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു.
This post was last modified on July 13, 2018 1:16 pm
Leave a Comment