ജമ്മുകശ്മീരിലെ കത്വയിൽ നാടോടി ബാലികയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്ന സംഭവത്തിൽ അഞ്ച് പ്രതികൾ കുറ്റക്കാരെന്ന് കോടതി. എട്ടു പ്രതികളുള്ള കേസിലാണ് അഞ്ചുപേരെ പഠാന്‍കോട്ടിലെ ജില്ല സെഷന്‍സ് കോടതി കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. പ്രതികളിൽ നാലുപേർ പൊലീസ് ഉദ്യോഗസ്ഥരാണ്. ഇതിൽ ഒരാൾ പ്രായ പൂർത്തിയാവത്തയാളാണ്. ഇവർക്കുള്ള ശിക്ഷ ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.
നാടോടികളായ ബഖര്‍വാള്‍ മുസ്ലിങ്ങളെ ഒഴിപ്പിക്കുകയായിരുന്നു ക്രൂരകൃത്യത്തിനു പിന്നിലെ ലക്ഷ്യമെന്നാണ് പോലീസ് ഭാഷ്യം. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. സഞ്ജി റാം, ആനന്ദ് ദത്ത, തിലക് രാജ് എന്നിവരെയും രണ്ട് പോലീസുകാരെയുമാണ് കുറ്റക്കാരായി കണ്ടെത്തിയിട്ടുള്ളത്. സഞ്ജി റാമിന്റെ മകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു.
സജ്ഞി റാമിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നത്. സജ്ഞി റാമിന്റെ മകനാണ് വിശാല്‍, പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവരായിരുന്നു കേസിലെ പ്രതികൾ. കേസാദ്യം അന്വേഷിച്ച എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ട് നിന്നെന്നാണ് കുറ്റപത്രത്തിലെ ആരോപണം. രാജ്യത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേസിലെ രഹസ്യവിചാരണ ജൂണ്‍ മൂന്നിന് അവസാനിച്ച സാഹചര്യത്തിലാണ് ഒന്നരവര്‍ഷത്തിന് ശേഷം കേസിൽ പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തുന്നത്. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്. 275 തവണ ഹിയറിങ് നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു.
എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജമ്മു കാശ്മീര്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. രാഷ്ട്രീയ ലക്ഷ്യത്തോടെ സജ്ഞിറാമിനെയും മകനെയും പൊലീസ് ഉദ്യോഗസ്ഥരെയും കേസില്‍ പെടുത്തിയതാണെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല.
This post was last modified on June 10, 2019 2:50 pm
Leave a Comment