മെഡിക്കൽ കൗൺസിൽ അംഗീകാരത്തിനായി രോഗികളെന്ന വ്യാജേന പണം കൊടുത്ത് ആളുകളെ എത്തിച്ച് സ്വകാര്യ മെഡിക്കൽ കോളജ് തട്ടിപ്പ് നടത്തിയെന്ന് ആരോപണം. വർക്കല എസ് ആർ മെഡിക്കൽ കോളേജ് അധികൃതരുടെ നടപടിയാണ് വിവാദമായിരിക്കുന്നത്. ബുധാനാഴ്ചയായിരുന്നു കോളജിൽ മെഡിക്കൽ കൗൺസിൽ പരിശോധന. എന്നാൽ ഇതിനായി രോഗികളെന്ന വ്യാജേന ആളുകളെ പണം കൊടുത്ത് എത്തിച്ചെന്നാണ് ആരോപണം. ദൃശ്യങ്ങൾ വിദ്യാർത്ഥികൾ തന്നെ പുറത്തുവിട്ടതോടെയാണ് വിഷയം വാർത്തയായത്. ക്യാംപിന്റെ പേരിൽ എത്തിച്ചവരെ രോഗികളായി ചിത്രീകരിച്ച് മെഡിക്കൽ കൗൺസിൽ സംഘത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നാണ് വിദ്യാർഥികളുടെ പരാതി. എന്നാല്‍ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.
സ്റ്റാൻഡ് വിത്ത് സ്റ്റുണ്ടന്റസ് ഓഫ് എസ് ആർ മെഡിക്കൽ കോളേജ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യാർഥികള്‍ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ഏജന്റ് വഴി 100 മുതൽ 300 രൂപ വരെ നൽകിയാണ് ആളുകളെ കൊണ്ടുവരുന്നതെന്ന് വെളിപ്പെടുത്തൽ. പരിശോധനയുള്ള ദിവസം പ്രത്യേകം വാഹനങ്ങളിൽ ഗ്രാമപ്രദേശങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുകയും പരിശോധന കഴിഞ്ഞാൽ ഉടൻ തിരിച്ചുകൊണ്ടുപോവുകയും ചെയ്യും. മെഡിക്കൽ കൗൺസിൽ പരിശോധന കഴിഞ്ഞതോടെ ആശുപത്രിയിൽ രോഗികൾ ആരുമില്ലെന്ന് വിദ്യാർത്ഥികൾ ഫേസ്ബുക്കിൽ ലൈവിൽ പറയുന്നു. പറഞ്ഞ പണം നൽകാത്തതിനാൽ രോഗികളായി എത്തിച്ചവർ ആശുപത്രിയിൽ പ്രതിഷേധിക്കുന്നതും ലൈവിലുണ്ട്. ഈ ദൃശ്യങ്ങളെ അടിസ്ഥാനമാക്കി ഏഷ്യാനെറ്റ് ന്യൂസും മാത്രുഭൂമിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, മുന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ തങ്ങളുടെ ഭാവി, അടിസ്ഥാന സൗകര്യം പോലുമില്ലാത്ത എസ് ആര്‍ മെഡിക്കൽ കോളജിന്റെ നടപടികൾ അവതാളത്തിലാക്കുകയാണെന്നും വിദ്യാർത്ഥികൾ പറയുന്നു. കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥികൾ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കോളജിൽ പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം നൽകിയത്.
എന്നാൽ, ഇപ്പോഴുയർന്ന ആരോപണങ്ങള്‍ നിഷേധിക്കുകയാണ് എസ് ആർ മെഡിക്കൽ കോളജ് അധികൃതർ. കാരുണ്യ പദ്ധതിലുൾപ്പെട്ട രോഗികളെയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ആർക്കും പണം നൽകിയിട്ടില്ലെന്നും കോളേജ് പ്രിൻസിപ്പാൾ കെ ഇ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എസ് ആർ മെഡിക്കൽ കോളജ് എംഡി എസ് ആർ ഷാജിയും പ്രതികരിച്ചു. ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവ് പുറത്ത് വിടാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
This post was last modified on July 6, 2019 12:42 pm
Leave a Comment