X

സാമ്പത്തിക സംവരണം; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

നിയമ ഭേദഗതി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സാമ്പത്തിക സംവരണം നടപ്പാക്കിയ ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജിയില്‍ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. എന്നാൽ നിയമ ഭേദഗതി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സാമ്പത്തിക സംവരണ നിയമത്തിനെതിരെ യൂത്ത് ഫോര്‍ ഇക്വാലിറ്റി നൽകിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.

സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാവിരുദ്ധമാണെന്നും സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. നോട്ടീസിൽ കേന്ദ്രത്തിന്റെ മറുപടി ലഭിച്ച ശേഷം ഹർജികൾ പരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നോട്ടീസിന് നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്നും കോടതി നിര്‍ദേശിച്ചു.

വാർഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവർക്ക് വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്ക്ക് സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് സാമ്പത്തിക സംവരണ ബില്‍. എന്നാൽ അമ്പത് ശതമാനത്തിലധികം സംവരണം കൂടരുതെന്ന സുപ്രീംകോടതി വിധിനില നിൽക്കെയാണ് പത്ത് ശതമാനം കൂടി സാമ്പത്തിക സംവരണം ഏർപ്പെടുത്തുന്നത്. പുതിയ ഭേദഗതിയിലൂടെ അറുപത് ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പുതിയ ഭരണഘടനാ ഭേദഗതി സുപ്രീംകോടതി വിധിക്കെതിരാണെന്നും ഹര്‍ജിക്കാർ ചൂണ്ടിക്കാട്ടുന്നു.

This post was last modified on January 25, 2019 12:21 pm