X

അയോധ്യ തർക്കം പരിഹരിക്കാന്‍ മധ്യസ്ഥനെ നിയോഗിച്ചേക്കും: വിശ്വാസത്തിന്റെ കൂടി പ്രശ്നമെന്ന് സുപ്രീം കോടതി; കേസ് വിധി പറയാന്‍മാറ്റി

ബാബര്‍ എന്തുചെയ്തെന്നോ പിന്നീട് എന്താണ് സംഭവിച്ചതെന്നോ കോടതിക്ക് പരിഗണിക്കേണ്ട കാരണമില്ല. നിലവിലെ സാഹചര്യം മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

അയോധ്യ ഭൂമി തർക്കക്കേസിൽ ഒത്തു തീർപ്പിന്റെ സാധ്യത തേടി സുപ്രിം കോടതി. മധ്യസ്ഥ ചർച്ചകൾ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച‌് ഇന്ന് വിധി പറഞ്ഞേക്കും. സിവിൽ നടപടി ചട്ടത്തിലെ 89ാം വകുപ്പ് പ്രകാരമാണ് കോടതി നിരീക്ഷണത്തിൽ മധ്യസ്ഥനെ നിയമിച്ച് ഒത്തുതീർപ്പ് ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമോയെന്ന കോടതി പരിശോധിച്ചത്. കേസ് വിശ്വാസത്തിന്റെ പ്രശ്നം കൂടിയാണെന്ന് വിലയിരുത്തിയ കോടതി മധ്യസ്ഥരെ കക്ഷികൾക്ക് നിർദേശിക്കാമെന്നും കോടതി വ്യക്തമാക്കുന്നു.

എന്നാൽ കോടതി നിർദേശത്തോട് കേസില്‍ കക്ഷികളായ സുന്നി വഖഫ് ബോർഡ് ഉൾപ്പെടെ മുസ്ലീം വിഭാഗങ്ങള്‍ അനുകൂലിച്ചപ്പോൽ നിർമോഹി അഘാര ഒഴികെയുള്ള മറ്റ് ഹിന്ദു സംഘടനകൾ വിയോജിച്ചു. നേരത്തെ കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് മധ്യസ്ഥ ചർച്ചകൾ നിർദേശം മുന്നോട്ട് വെച്ചത്.

കക്ഷികൾക്ക് വേണമെങ്കിൽ മധ്യസ്ഥരെ നിർദേശിക്കാം. വിഷയത്തിൽ  കോടതി പിന്നീട്  വിധി പറയുമെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ബാബര്‍ എന്തുചെയ്തെന്നോ പിന്നീട് എന്താണ് സംഭവിച്ചതെന്നോ കോടതിക്ക് പരിഗണിക്കേണ്ട കാരണമില്ല. നിലവിലെ സാഹചര്യം മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. മധ്യസ്ഥത സംബന്ധിച്ച് ചർച്ചകളിൽ നിന്നും മാധ്യമങ്ങളെ പുർണമായി ഒഴിവാക്കുന്നതിനെ കുറിച്ച് പരിഗണിക്കും. നിരോധന ഉത്തരവല്ല മറിച്ച് റിപ്പോർട്ട് ചെയ്യപ്പെടേണ്ട സാഹചര്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അയോധ്യ വിഷയത്തിൽ മധ്യസ്ഥരെ നിയോഗിക്കാനില്ലെന്ന് റാം ലാല ഭക്തസംഘത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ സിഎസ് വൈദ്യനാഥൻ പ്രതികരിച്ചു. ഇത്തരം ശ്രമങ്ങൾ മുന്‍പ് പരാജയപ്പെട്ടതാണെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ, കോടതി നിർദേശം സുപ്രധാനമായ നീക്കമാണെന്ന് കക്ഷിയായ എം സിദ്ധിഖിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ രാജീവ് ധവാൻ അഭിപ്രായപ്പെട്ടു. എന്നാൽ ഇതിന് കോടതി സമയ പരിധി നിശ്ചയിക്കണം. അല്ലാത്തപക്ഷം അനിശ്ചിതമായി നീണ്ടുപോവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. നിർദേശത്തോട് യോജിപ്പില്ലെന്ന് ഹിന്ദു മഹാസഭ പ്രതികരിച്ചു. അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കർ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് ഫെബ്രുവരി 26 നായിരുന്ന കോടതി നേരത്തെ പരിഗണിച്ചത്. ഒത്തു തീർപ്പ് ചർച്ചകൾക്ക് സമയം വേണ്ടി വരുമെന്നതിനാൽ, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അന്തിമ തീർപ്പിന് സാധ്യത കുറവാണ്.