X

ക്രിമിനല്‍ രാഷ്ട്രീയക്കാരെ തിരഞ്ഞെടുപ്പില്‍ വിലക്കാനാവില്ല; സര്‍ക്കാരിന് നിയമം കൊണ്ടുവരാം: സുപ്രിം കോടതി

നിലവിലെ സാഹര്യത്തില്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് 6 വര്‍ഷം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്കുണ്ട്.

ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെ തിരഞ്ഞെടുപ്പുകളില്‍  മത്സരിക്കുനത്  തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. പ്രതി ചേര്‍ക്കപ്പെട്ടവരെ അയോഗ്യരാക്കാനോ മത്സരത്തില്‍ നിന്ന് വിലക്കാനോ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ക്രിമിനില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് കോടതിമുമ്പാകെയുള്ള ഹര്‍ജിയില്‍ വിധിപറയുകയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്.

ക്രിമിനലുകള്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നത് തടയാന്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളും ഹര്‍ജി പരിഗണിച്ച ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികകള്‍ക്കൊപ്പം തന്നെ സ്ഥാനാര്‍ത്ഥി തന്റെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കേണ്ടതുണ്ട്. സ്ഥാനാര്‍ഥികളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതുജനങ്ങളെ അറിയിക്കണം. പൊതു പ്രവര്‍ത്തനത്തില്‍ മാന്യത പാലിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരക്കാരെ മല്‍സരത്തിനിറക്കാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്നും കോടതി നിര്‍ദേശിക്കുന്നു.

പണവും ശക്തിയും ഉപയോഗപ്പെടുത്തി കുറ്റവാളികള്‍ ജന പ്രതിനിധികള്‍ ആവുന്നത് തടയുക എന്നത് പാര്‍ലമെന്റിന്റെ ചുമതലയാണ്. രാജ്യത്തെ ജനാധിപത്യം അപകടത്തിലാവുന്നതിന് മുന്‍പ ഇക്കാര്യം നടപ്പിലാക്കണം അത്തരം ഒരു നിയമം നടപ്പാവുന്നതിന് രാജ്യം കാത്തിരിക്കുകയാണെന്നും വിധി വിശകലനം ചെയ്തു കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉത്തരവില്‍ വ്യക്തമാക്കി. ചീഫ് ജസറ്റിസിന് പുറമേ ജസ്റ്റിസുമാരായ റോഹന്‍ടന്‍ ഫാലി നരിമാന്‍, എ എം ഖാന്‍വില്‍ഖര്‍, ഡി വൈ ചന്ദ്ര ചുഢ്, ഇന്ദു മല്‍ഹോത്ര എന്നിവരും ബഞ്ചില്‍ അംഗങ്ങളായിരുന്നു.

ഇന്ത്യയിലെ ജനപ്രതിനിധികളില്‍ 1,700 ഓളം പേര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ആകെ ജനപ്രതിനിധികളില്‍ മുന്നിലൊന്ന് വരുന്നതാണ് ഈ കണക്കുകള്‍. നിലവിലെ സാഹര്യത്തില്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് 6 വര്‍ഷം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് വിലക്കുണ്ട്.

This post was last modified on September 25, 2018 3:57 pm