ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ മുന്നുവയസ്സുകാരനായ ആണ്‍ കുട്ടിയെ ഗുരുതര പരിക്കുകളുമായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംശയാസ്പതമായ സാഹചര്യത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുഞ്ഞ് വെന്റിലേറ്ററിലാണ്. മാതാപിതാക്കളുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് പോലീസ് പറയുന്നത്. അച്ഛനും അമ്മയ്ക്കുമെതിരെ വധശ്രമത്തിന് കേസ് എടുത്തു. കൂടാതെ ജുവനൈല്‍ ജസ്റ്റീസ് പ്രകാരമുള്ള കേസുകളും എടുത്തിട്ടുണ്ട്.
കുട്ടി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റെന്നായിരുന്നു ആശുപത്രിയിലെത്തിച്ച മാതാപിതാക്കൾ നൽകിയ വിവരം. എന്നാൽ മുറിവേറ്റ പാടുകള്‍ക്ക് പുറമെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെയും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വെന്‍റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.
അതിനിടെ ആശുപത്രിയിലെത്തിച്ച് അല്‍പസമയത്തിനകം കുഞ്ഞിനെ ഇവിടെനിന്ന് മാറ്റണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകള്‍ പറയുന്നു. എന്നാല്‍, വെന്റിലേറ്ററിലുള്ള കുഞ്ഞിനെ മാറ്റാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. ഇതിനിടെയാണ് പെള്ളലേറ്റ പരിക്കുകൾ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്. കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് ആശുപത്രി അധികൃതർ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇതോടെ പശ്ചിമബംഗാള്‍ സ്വദേശികളായ മാതാപിതാക്കള്‍ പൊലീസ് നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
This post was last modified on April 18, 2019 11:17 am
Leave a Comment