X

“ജോലിക്ക് കയറിക്കോ, ഇല്ലെങ്കില്‍….” ബംഗാളിലെ ഡോക്ടര്‍മാരോട് മമത; “സമരം ബിജെപി-സിപിഎം ഗൂഢാലോചന”

എസ്എസ്‌കെഎം ആശുപത്രിയിലെത്തി സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരുമായി സംസാരിച്ചാണ് മമത ഇക്കാര്യം ആവശ്യപ്പെട്ടത്.

പശ്ചിമ ബംഗാളിലെ ഡോക്ടര്‍ സമരത്തോട് യാതൊരു വിട്ടുവീഴ്ചയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്ന സൂചന നല്‍കി മുഖ്യമന്ത്രി മമത ബാനര്‍ജി. ഉച്ചയ്ക്ക് രണ്ട് മണിക്ക് ജോലിയില്‍ പ്രവേശിക്കാനും ഇല്ലെങ്കില്‍ നടപടി നേരിടാന്‍ തയ്യാറായിക്കോളാനുമാണ് മമത ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്താന്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മമത തയ്യാറായിട്ടില്ല. അതേസമയം എസ്എസ്‌കെഎം ആശുപത്രിയിലെത്തി സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരുമായി സംസാരിച്ചാണ് മമത ഇക്കാര്യം ആവശ്യപ്പെട്ടത്. ഞങ്ങള്‍ക്ക് നീതി വേണം എന്ന മുദ്രാവാക്യവും പ്രതിഷേധവുമായാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ മമതെയ നേരിട്ടത്. ഹോസ്പിറ്റല്‍ പരിസരം ഒഴിപ്പിക്കാനാണ് പൊലീസിന് മമത നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളുമായുണ്ടായ സംഘര്‍ഷത്തില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് കൊല്‍ക്കത്തെ നീല്‍രത്തന്‍ സര്‍ക്കാര്‍ (എന്‍ആര്‍എസ്) മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സമരം തുടങ്ങിയത്. ഇത് സംസ്ഥാനത്തെ 13 മെഡിക്കല്‍ കോളേജുകളിലേയ്ക്കും ആറ് ജില്ലാ ആശുപത്രികളിലേയ്ക്കും വ്യാപിച്ച് ഗുരുതര പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. സമരം ബിജെപിയുടേയും സിപിഎമ്മിന്റേയും ഗൂഢാലോചനയാണ് എന്നാണ് മമതയുടെ ആരോപണം. ഡോക്ടര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന ബിജെപി, സമരം മമതയുടേയും തൃണമൂല്‍ സര്‍ക്കാരിന്റേയും മുസ്ലീം പ്രീണനത്തിന്റെ ഭാഗമായി ഉണ്ടായതാണ് എന്ന പ്രചാരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവര്‍ ഡോക്ടര്‍മാരെ ആക്രമിച്ചു എന്നാണ് ബിജെപി നേതാവ് മുകള്‍ റോയ് പറഞ്ഞത്.

ജോലി ചെയ്യാത്ത ഡോക്ടര്‍മാര്‍ ഹോസ്റ്റലില്‍ നില്‍ക്കരുത്. പുറത്തുനിന്നുള്ള ഒരാളേയും കാമ്പസില്‍ പ്രവേശിപ്പിക്കരുത് എന്നും മമത പൊലീസിന് നിര്‍ദ്ദേശം നല്‍കി. സമരത്തെ ഒരു തരത്തിലും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മമത ബാനര്‍ജി വ്യക്തമാക്കി.

This post was last modified on June 13, 2019 3:29 pm