ഗാന്ധി ഖാതകൻ നാഥൂറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച് രംഗത്തെത്തിയ പ്രഗ്യ സിങ് ഠാക്കൂറിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഗ്യയുടെ വാക്കുകൾ അതിദാരുണമെന്നായിരുന്നു മോദിയുടെ പരാമർശം. ഗാന്ധിയെ അപമാനിച്ച പ്രഗ്യക്ക് തനിക്കൊരിക്കലും മാപ്പ് നൽകാവില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അതിനിടെ ഗോഡ്സേ അനുകൂല പരാമർശങ്ങളുടെ പേരിൽ പ്രഗ്യാ സിങിനെ തള്ളിയ ബിജെപി ഗാന്ധി വിരുദ്ധ പരാമർശങ്ങളിൽ നടപടി കർശനമാക്കുകയാണ്. ഗാന്ധിജി പാകിസ്താന്റെ രാഷ്ട്ര പിതാവെന്ന പരാമർശത്തിൽ ബിജെപി നേതാവിനെ പാർട്ടി ഇന്ന് പുറത്താക്കി. മധ്യ പ്രദേശ് ബിജെപി വക്താവുമായ അനിൽ സൗമിത്രക്കെതിരെയാണ് ബിജെപി നടപടി. അനിൽ സൗമിത്രയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
പ്രഗ്യ സിങിന്റെ വിവാദ പരാമര്‍ശത്തിനെ പിന്തുണച്ചു കൊണ്ടായിരുന്നു അനിൽ സൗമിത്രയുടെ നിലപാട്. ഗാന്ധി വിരുദ്ധ നിലപാടുകൾ വ്യാപകമായി വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബിജെപി വിഷയത്തിൽ നടപടി കടുപ്പിക്കുന്നത്. പ്രഗ്യാസിങ്ങിന്റെ പരാമര്‍ശം വിവാദമാവുകയും തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതിയും നൽകുകയും ചെയ്തതിരുന്നു. ഇതോടെയാണ് ബിജെപി സ്ഥാനാര്‍ത്ഥികൂടിയായ പ്രഗ്യയെ തള്ളിപ്പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ബിജെപി ശ്രമം ആരംഭിച്ചത്. പ്രഗ്യയുടെ പരാമര്‍ശത്തെ അപലപിക്കുന്നുവെന്നും പരാമര്‍ശത്തില്‍ പ്രഗ്യ പരസ്യമായി മാപ്പു പറയണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. പ്രഗ്യ മാപ്പു പറഞ്ഞുവെന്ന് പിന്നീട് പാർട്ടി പ്രഖ്യാപിക്കുകയം ചെയ്തു.
Leave a Comment