X

സിറിയന്‍ ആക്റ്റിവിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ റെയ്ദ് ഫാരിസ് വെടിയേറ്റ് മരിച്ചു

സ്വതന്ത്ര റേഡിയോ ചാനൽ നടത്തി വന്നിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സിറിയന്‍ വിമതര്‍ക്കും സര്‍ക്കാറിനും തലവേദന സൃഷ്ടിച്ചിരുന്നു.

സിറിയയിലെ പ്രമുഖ റേഡിയോ മാധ്യമ പ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ റെയ്ദ് ഫാരിസ് വെടിയേറ്റ് മരിച്ചു. വിമത ശക്തി കേന്ദ്രമായ സിറിയന്‍ പ്രവിശ്യയായ ഇബ്ലിബിലെ കഫ്‌റാന്‍ബെല്‍ നഗരത്തില്‍ വച്ച് വെള്ളിയാഴ്ചയാണ് റെയ്ദ് കൊല്ലപ്പെട്ടത്.  ഇബ്ലിബില്‍ റേഡിയോ ഫ്രഷ് എന്ന സ്വതന്ത്ര റേഡിയോ ചാനൽ നടത്തി വന്നിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സിറിയന്‍ വിമതര്‍ക്കും സര്‍ക്കാറിനും തലവേദന സൃഷ്ടിച്ചിരുന്നു.

സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ വിമർശകൻ കുടിയായിരുന്നു അദ്ദേഹം.  ഫാരിസിനൊപ്പം സഹപ്രവര്‍ത്തകനും ആക്റ്റിവിസ്റ്റുമായ ഹമദ് ജെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒാഫീസില്‍ നിന്നും പുറത്തേക്കിറങ്ങിയ അദ്ദേഹത്തിന്റെ കാറിനെ പിന്തുടര്‍ന്ന് വാനിലെത്തിയ സംഘം സമീപത്തെ മാര്‍ക്കറ്റില്‍ വച്ച് വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്നും സംഭവ ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമണത്തില്‍ പരിക്കേറ്റ ഹമദ് ജെന്ന സംഭവ സ്ഥലത്തും ഫാരിസ് ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട വ്യക്തികൂടിയാണ് ഫാരിസ്.