X

കേരളത്തില്‍ ഇന്നലെ സൂര്യാതപമേറ്റത് 44 പേര്‍ക്ക്; രണ്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു

തുറസായ സ്ഥലത്ത് ജോലിയെടുക്കുന്നതിനിടയിലാണ് ഇരുവരും കുഴഞ്ഞുവീണത്.

കേരളത്തില്‍ ഇന്നലെ സൂര്യാതപമേറ്റത് 44 പേര്‍ക്ക്. കോഴിക്കോട്ട് 15 പേര്‍ക്കും കൊല്ലത്ത് 11 പേര്‍ക്കും കണ്ണൂരില്‍ 10 പേര്‍ക്കും ആലപ്പുഴയില്‍ എട്ടുപേര്‍ക്കും പൊള്ളലേറ്റുവെന്നാണ് വിവരം. കൂടാതെ രണ്ടുപേര്‍ ശനിയാഴ്ച കുഴഞ്ഞുവീണു മരിക്കുകയും ചെയ്തു. കഴുത്തിലും നെഞ്ചിലും പൊള്ളലേറ്റ പാടുണ്ടെങ്കിലും ഇരുവരുടെ മരണകാരണം സൂര്യാതപമാണോയെന്ന് സ്ഥിരീകരിക്കണമെങ്കില്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വരണം.

തുറസായ സ്ഥലത്ത് ജോലിയെടുക്കുന്നതിനിടയിലാണ് ഇരുവരും കുഴഞ്ഞുവീണത്. തിരുവനന്തപുരം പാറശാലയില്‍ മുരിയത്തോട്ടം സ്വദേശി ഉണ്ണിക്കൃഷ്ണനാണ് മരണപ്പെട്ടവരില്‍ ഒരാള്‍. ഉണ്ണിക്കൃഷ്ണന്‍ രാവിലെ പത്തരയോടെ പാടത്ത് പണിയെടുത്തശേഷം തിരികെ കയറുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. പാലക്കാട് വടകരപ്പതിയില്‍ നല്ലൂര്‍ സ്വദേശി ചിന്നമ്മാളുമാണ് മരണപ്പെട്ട മറ്റോരാള്‍. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു ചിന്നമ്മാളു.

ജാഗ്രതാ നിര്‍ദേശം ഇന്നു വരെയാണ്. കൊടുംചൂടിന് നേരിയ കുറവുണ്ടായിട്ടുണ്ട്. ശനിയാഴ്ച താപനില ഒരിടത്തും 40 ഡിഗ്രി കടന്നില്ല. കൊടുംചൂട് അനുഭവപ്പെട്ടിരുന്ന പാലക്കാട്ട് താപനില 38.9 ഡിഗ്രിയും പുനലൂരില്‍ 38.2 ഡിഗ്രിയും ആയി കുറഞ്ഞു. ഏപ്രില്‍ ആദ്യയാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

This post was last modified on March 31, 2019 8:55 am