X

രമ്യ ഹരിദാസിനെതിരായ പരാമർശം: എ വിജയരാഘവൻ കുറ്റം ചെയ്തിട്ടില്ലെന്ന് നിയമോപദേശം

എ വിജയരാഘവനെതിരായ നിയമ നടപടി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ വിവാദ പരാമർശത്തിൽ എല്‍ഡിഎഫ് കൺവീനർ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് പോലീസിന് നിയോമപദേശം. മലപ്പുറം എസ് പി തൃശൂർ റേഞ്ച് ഐജിക്ക് റിപ്പോർട്ട് കൈമാറി. വിജയരാഘവർ കുറ്റം ചെയ്തിട്ടില്ലെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള നിയമോപദേശം. ഇതോടെ കേസെടുക്കേണ്ട സാഹര്യമില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനമെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു.

എന്നാൽ, പരാമർശത്തിൽ എ വിജയരാഘവനെതിരായ നിയമ നടപടി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പോലീസ് നടപ്പാക്കുന്നത് രണ്ട് നീതിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വിഷയം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ ഉൾപ്പെടെ സമീപിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. തന്റെ പരാതിയിൽ പൊലീസ് കേസെടുത്തില്ലെന്നും നടപടിൾ വൈകിക്കുകയാണെന്നും ആരോപിച്ച് രമ്യാ ഹരിദാസ് രംഗത്തെത്തിയതിന് പിറകെയാണ് എ വിജയരാഘവനെതിരെ നടപടി ആവശ്യമില്ലെന്ന നിലപാടുമായി പോലീസ് രംഗത്തെത്തുന്നത്. പരാതി നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ആലത്തൂർ കോടതിയിൽ പരാതി നൽകാനും രമ്യ തയ്യാറായിരുന്നു. ഇതിന് പുറമെ സംസ്ഥാന വനിതാ കമ്മീഷനെതിരെയും ഇന്ന് രമ്യ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വനിതാകമ്മിഷന്‍ നടപ്പാക്കുന്നത് രണ്ടുതരം നീതിയാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം.

അതേസമയം, രമ്യ ഹരിദാസിനെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപണത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെ തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം താക്കീത് ചെയ്തിരുന്നു. വിജയ രാഘവന്റെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് നടപടി. പരാമർഷം പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിലയിരുത്തിയെന്നാണ് റിപ്പോർട്ട്. എതിർ സ്ഥാനാർത്ഥിക്കെതിരായ ഇത്തരം പരാമർശങ്ങൾ ജനപ്രാതിനിധ്യ നിയമം 123 (4)ന്റെ ലംഘനമാണ്. ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ്​ ഓഫീസർ മുന്നറിയിപ്പിൽ പറയുന്നു.

പൊന്നാനിയിൽ പിവി അൻവറിന്റെ പ്രചാരണ ഭാഗമായി എൽഡിഎഫ് യോഗത്തിനിടെയാണ് എൽഡിഎഫ് കൺവീനർ വിജയരാഘവൻ രമ്യയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. പൊന്നാനിയില്‍ പി.വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണ്. ആലത്തൂരിലെ സ്ഥാനാര്‍ഥി വനിതാ സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയിരുന്നെന്നും ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പ്രസംഗം.

എന്നാൽ പൊന്നാനിയിൽ താൻ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നായിരുന്നു എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ നിലപാട്. ഒരു വനിതയെയും വിഷമിപ്പിക്കേണ്ട ഉദ്ദേശ്യം ഉണ്ടായിട്ടില്ല. അവരെ വിഷമിപ്പിക്കുക എന്ന ലക്ഷ്യം തനിക്കില്ല. അവരങ്ങനെ വിഷമിക്കുകയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രമ്യ ഹരിദാസ് പ്രസ്താവനയിൽ വിഷമം രേഖപ്പെടുത്തിയെന്ന് മാധ്യങ്ങൾ അറിയിച്ചപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പ്രതികരിച്ചത്.

 

 

 

This post was last modified on April 20, 2019 11:34 am

Related Post
Leave a Comment