X

അമ്പൂരി കൊലപാതകം: രാഖിയുടെ ഫോണ്‍ മൂന്നാക്കി പലയിടങ്ങളായി വലിച്ചെറിഞ്ഞു; എല്ലാം തുറന്ന് സമ്മതിച്ച് പ്രതികള്‍

കൊലപാതകത്തിന് ശേഷം രാഖിയുടെ ഫോണിലെ സിം മാറ്റി അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു.

തിരുവനന്തപുരം അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. തെളിവ് നശിപ്പിക്കാനായി പ്രതികളായ സഹോദരങ്ങള്‍ അഖില്‍ എസ്. നായര്‍, രാഹുല്‍, സുഹൃത്ത് ആദര്‍ശും മൂന്നിടത്തായി ഉപേക്ഷിച്ച ഫോണാണ് കണ്ടെടുത്തത്. തെളിവെടുപ്പിനിടെ വാഴച്ചാല് ഭാഗത്തുനിന്നും ഫോണ്‍ കണ്ടെടുക്കാന്‍ സഹായിച്ചത് പ്രതികള്‍ തന്നെയാണ്. കൊലപാതകത്തിന് ശേഷം രാഖിയുടെ ഫോണിലെ സിം മാറ്റി അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു.

രാഖിയുടെ വസ്ത്രങ്ങളും ഹാന്‍ഡ് ബാഗും കണ്ടെത്തിയിട്ടില്ല. ബാഗ് ഗുരുവായൂര്‍ യാത്രക്കിടയില്‍ ബസില്‍ ഉപേക്ഷിച്ചുവെന്ന് മുഖ്യപ്രതി അഖില്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. തമ്പാനൂരേക്ക് വരുന്ന വഴിയില്‍ പാതയോരത്തേക്ക് രാഖിയുടെ വസ്ത്രങ്ങള്‍ എറിഞ്ഞ് കളഞ്ഞുവെന്നും മൊഴി നല്‍കിയിരുന്നു. പ്രതികളുടെ തെളിവെടുപ്പ് വരും ദിവസങ്ങളിലും തുടരും.

എറണാകുളത്തേക്ക് എന്ന് പറഞ്ഞ് ഇറങ്ങിയ രാഖിയെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പൂരിയിലെന്റെ വീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്ന് ഒരുമാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെടുക്കുകയായിരുന്നു.

Also Read: ‘അവള്‍ അവനെ വിശ്വസിച്ചു, എന്നെ വിശ്വസിച്ചില്ല; അവള്‍ക്ക് സ്ത്രീധനം കൊടുക്കാന്‍ വാങ്ങിച്ചിട്ട മണ്ണില്‍ മോളുറങ്ങുന്നുണ്ട്’, കണ്ണുകള്‍ തോരാതെ അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയുടെ കുടുംബം

രാഖിയുടെ മൃതദേഹം കുഴിച്ചുമൂടാന്‍ ഉപയോഗിച്ച പിക്കാസും മണ്‍വെട്ടിയും കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു . ഒന്നാം പ്രതി അഖിലിന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. നാട്ടുകാരുടെ പ്രതിഷേധം മൂലം ആദ്യ ദിവസം ഒന്നാം പ്രതിയായ അഖിലുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസ് കൂടുതല്‍ കരുതലോടെയാണ് പ്രതികളെ കൊണ്ടുവന്നത്. കഴിഞ്ഞ തവണ അഖിലിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ നാട്ടുകാര്‍ പോലീസിന് ജയ് വിളിച്ചു.

തൊണ്ടിമുതലുകള്‍ കാണിച്ചുകൊടുക്കുമ്പോഴും പ്രതികള്‍ക്ക് യാതൊരു കൂസലുമില്ലായിരുന്നു. രാഖിയുടെ മൃതദേഹം കുഴിച്ചിട്ട കുഴിയില്‍ വിതറാനായി ഉപ്പ് വാങ്ങിയ കടയിലും പോലീസ് തെളിവെടുപ്പ് നടത്തി. ആദ്യം പ്രതികളെ പുരയിടത്തിലേക്ക് കൊണ്ടു പോയ പോലീസ് രാഖിയുടെ ചെരുപ്പ് കണ്ടെടുത്ത ശേഷം കുടുംബവീട്ടിലേക്ക് കൊണ്ടുപോയി. തന്റെ മൊബൈല്‍ ഫോണും കൊലപാതക സമയത്ത്  ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും രാഹുല്‍ പോലീസിന് കാണിച്ചുകൊടുത്തു. പിന്നീട് കുഴിയെടുക്കാന്‍ ഉപയോഗിച്ച മണ്‍വെട്ടി പോലീസിന് കാണിച്ചുകൊടുത്തു.

രാഖിയെ കാറില്‍ വച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയര്‍, രാഖിയുടെ ഒരു ചെരുപ്പ്, കുഴിയെടുക്കാന്‍ ഉപയോഗിച്ച മൂന്ന് മണ്‍വെട്ടി, ഒരു പിക്ക് ആക്‌സ്, ഒരു കമ്പിപ്പാര എന്നിവയാണ് ഇതുവരെ കണ്ടെത്തിയിരുന്നത്. അതേസമയം കൊല്ലപ്പെട്ട ദിവസം രാഖി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല.

കൊല്ലപ്പെടുത്തിയ ശേഷം രാഖിയുടെ മൊബൈല്‍ ഫോണ്‍ മൂന്നാക്കി വലിച്ചെറിഞ്ഞ പ്രതികള്‍ പിന്നീട് നേരത്തെ കരുതിയിരുന്ന മറ്റൊരു ഫോണില്‍ രാഖിയുടെ സിം ഇട്ട ശേഷം ഇതില്‍ നിന്ന് അഖിലിന്റെ ഫോണിലേക്ക് മെസേജ് അയച്ചു. താന്‍ ഒരു സുഹൃത്തിനൊപ്പം കേരളത്തിന്‌ പുറത്തേക്ക് യാത്ര പോകുന്നു എന്നായിരുന്നു ഇത്. പിന്നീട് വീട്ടുകാര്‍ നടത്തിയ അന്വേഷണ സമയത്ത് അഖില്‍ തന്നെ തനിക്ക് ഇത്തരമൊരു മെസേജ് രാഖി അയച്ചിരുന്നതായി വെളിപ്പെടുത്തി. എന്നാല്‍ ഈ മെസേജ് പരിശോധിച്ച പോലീസ് ഇത് രാഖിയുടെ ഫോണില്‍ നിന്നല്ല എന്ന് കണ്ടെത്തി. ഇതാണ് പ്രധാനമായും പ്രതികളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കാന്‍ കാരണമായാത്.

അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു അഖിലും രാഖിയും. ഇതിനിടെ അഖിലിന് സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ വിവാഹാലോച വന്നതോടെ രാഖിയെ ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് രാഖി വിസമ്മതിച്ചതോടെയാണ് സൈനികനായ അഖിലും സഹോദരനും ചേര്‍ന്ന് കാറില്‍ വച്ച് രാഖിലെ കൊലപ്പെടുത്തുന്നതും വീടിനു സമീപം തന്നെ കുഴിയെടുത്ത് മൂടുന്നതും.

Read Azhimukham:  ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; അപകട സമയത്ത് മദ്യപിച്ചിരുന്നുവെന്നും ആരോപണം

This post was last modified on August 3, 2019 8:37 am