അമ്പൂരി കൊലക്കേസിലെ മുഖ്യപ്രതി അഖിലിനെ തിരക്കി പോലീസ് സംഘം ഡല്‍ഹിയിലെത്തിയപ്പോഴേക്കും ഇയാള്‍ നാട്ടിലെത്തി പിടികൊടുത്തു. ഇന്നലെ രാത്രിയാണ് കേസിലെ ഒന്നാം പ്രതിയായ അമ്പൂരി തട്ടാന്‍മുക്ക് അശ്വതി ഭവനില്‍, അഖില്‍ പോലീസ് കസ്റ്റഡിയിലായത്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ അഖിലിനെ പിതാവ് നല്‍കിയ വിവരമനുസരിച്ചാണ് പോലീസ് വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. അഖിലിന്റെ സഹോദരനും രണ്ടാം പ്രതിയുമായ രാഹുല്‍ നേരത്തെ പിടിയിലായിരുന്നു.
പൊഴിയൂര്‍ എസ്‌ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അഖിലിനെ പിടികൂടുന്നതിനായി ഡല്‍ഹിക്കു പോയിരുന്നു. ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിച്ചത് വഴി അഖിലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് അറസ്റ്റെന്നാണ് പോലീസ് പറയുന്നത്. കശ്മീരിലെ ലേയില്‍നിന്നു ഡല്‍ഹി വഴി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അഖിലിനെ പൂവാര്‍ എസ്‌ഐ സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.
കൊലപാതകത്തിന് ശേഷം ഡല്‍ഹി സൈനിക കേന്ദ്രത്തിലേക്ക് ജോലിക്കെന്ന പേരില്‍ പോയതായിരുന്നു അഖില്‍. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. താന്‍ ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണെന്നും നാട്ടിലെത്തി പോലീസിനു മുന്നില്‍ ഹാജരാകുമെന്നായിരുന്നു ഫോണിലൂടെ മാധ്യമങ്ങളൂ മറുപടി. എന്നാല്‍ ഇതു പൊലീസ് വിശ്വസിച്ചിരുന്നില്ല.
കേസിലെ പ്രതികളായ അഖിലിനെയും രാഹുലിനെയും ഇന്ന് വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. മൃതദേഹം കുഴിച്ചെടുത്ത വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്. രാഖിയുടെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങളും മൃതദേഹം കുഴിച്ചിടാന്‍ ഉപയോഗിച്ച ആയുധവും കണ്ടെടുക്കാനുണ്ട്. രണ്ട് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.
അഖിലിനെയും രാഹുലിനെയും പോലീസ് ഒരുമിച്ച് ചോദ്യം ചെയ്‌തേക്കും. ഗൂഢാലോചനയില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ അഖിലിനെതിരെ മൊഴി നല്‍കിയ സഹോദരന്‍ രാഹുല്‍, അഖിലും താനും ചേര്‍ന്നാണ് രാഖിയെ കൊന്നത് എന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട രാഖിയും അഖിലും വിവാഹതിരായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മറ്റൊരു വിവാഹത്തിന് അഖില്‍ തയ്യാറെടുത്തതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയായിരുന്നു. ഇതോടെയാണ് സഹോദരന്‍ രാഹുലിന്റെയും സുഹൃത്ത് ആദര്‍ശിന്റെയും സഹായത്തോടെ അഖില്‍ രാഖിയെ കൊലപ്പെടുത്തിയത്.
നെയ്യാറ്റിന്‍കരയില്‍ നിന്നാണ് രാഖിയെ കാറില്‍ കയറ്റിയത്. കാര്‍ ഓടിച്ചിരുന്നത് അഖിലായിരുന്നു. യാത്രക്കിടെ വിവാഹത്തെപ്പറ്റി തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് അഖില്‍, കാറില്‍ വച്ച് രാഖിയെ കഴുത്തുഞെരിച്ചു പിന്നീട് വീട്ടില്‍ വച്ച് കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പാക്കിയത് താനാണെന്നും രാഹുലിന്റെ മൊഴിനല്‍കി. കൂടാതെ രാഖിയുടെ മൊബൈലും വസ്ത്രങ്ങളും വഴിയില്‍ പലയിടത്തായി ഉപേക്ഷിച്ചുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം-കൊല്ലം അതിര്‍ത്തിയിലെ മലയിന്‍കീഴിലെ ഒളിസങ്കേതത്തില്‍ നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചത്. അതേസമയം രാഹുല്‍ കീഴടങ്ങി എന്നായിരുന്നു ഇന്നലെ പിതാവ് മാധ്യമങ്ങളെ അറിയിച്ചത്. അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് കൊല്ലപ്പെട്ട രാഖിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം പോലീസിന് അറിയാം. എന്നിട്ടും പ്രതികള്‍ സുരക്ഷാ വലയത്തിലാണെന്നും രാഖിയുടെ അച്ഛന്‍ ആരോപിച്ചിരുന്നു.
വിവാഹക്കാര്യം അടക്കം എല്ലാ വിവരങ്ങളും കുടുംബത്തിന് അറിയാമായിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇനിയും ഏറെ ദുരൂഹതകള്‍ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തില്‍ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛന്‍ ആരോപിച്ചു.
മകന്‍ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടന്‍ നാട്ടിലേക്കെത്തുമെന്ന വെളിപ്പെടുത്തലുമായി അഖിലിന്റെ അച്ഛന്‍ രംഗത്ത് എത്തിയിരുന്നു. മകന്‍ നിരപരാധിയാണെന്നും അഖിലിന്റെ അച്ഛന്‍ മണിയന്‍ പറയുന്നു. കഴിഞ്ഞ ദിവസം നിരവധി തവണ മകന്‍ ഫോണ്‍ ചെയ്തതായും അച്ഛന്‍ വെളിപ്പെടുത്തി. കൊലപാതകത്തില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് പോലീസിന്റെ സംശയം.
Leave a Comment