X

കടലില്‍ കുളിക്കുന്നത് വിലക്കിയതിന് ലൈഫ് ഗാര്‍ഡിനെ മര്‍ദിച്ചു

സംഭവത്തില്‍ തമിഴ്‌നാട് രാമേശ്വരം സ്വദേശി ഷെയ്ഖ് അബ്ദുളയെ ഓച്ചിറ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്.

കടലില്‍ കുളിക്കുന്നത് വിലക്കിയതിന് ലൈഫ് ഗാര്‍ഡിനെ മര്‍ദിച്ചു. ഇന്നലെ വൈകിട്ട് 5.20ന് അഴീക്കല്‍ ബീച്ചിലായിരുന്നു സംഭവം. അഴീക്കല്‍ ബീച്ചിലെ ലൈഫ് ഗാര്‍ഡും ആലപ്പാട് സ്വദേശിയുമായ അമ്പിളിയ്ക്കാണ് (36) മര്‍ദനം ഏറ്റത്. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അമ്പിളി.

സംഭവത്തില്‍ തമിഴ്‌നാട് രാമേശ്വരം സ്വദേശി ഷെയ്ഖ് അബ്ദുളയെ ഓച്ചിറ പൊലീസ് കസ്റ്റഡിലെടുത്തിട്ടുണ്ട്. കടലില്‍ നീന്തി പരിചയമുള്ള അബ്ദുളയും കുടുംബവും വൈകിട്ട് നാലുമണിക്കാണ് ബീച്ചിലെത്തിയത്. തുടര്‍ന്ന് കടലില്‍ ഇറങ്ങി കുളിക്കുന്നതിനായി ഇവര്‍ സുരക്ഷാ വേലി കടന്ന് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അമ്പിളി തടഞ്ഞു.

തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും അബ്ദുള, അമ്പിളിയെ മര്‍ദിക്കുകയുമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവച്ചു പോലീസിനു കൈമാറുകയായിരുന്നു.

കഴിഞ്ഞ ദിവസം അഴീക്കല്‍ ബീച്ചില്‍ കുളിക്കാനിറങ്ങി രണ്ടു സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചതിനെ തുടര്‍ന്ന് കളക്ടറുടെ നിര്‍ദേശ പ്രകാരം സ്ഥാപിച്ചതായിരുന്നു അപകടമേഖല ഭാഗങ്ങളിലെ സുരക്ഷാവേലി.