X

കോയമ്പത്തൂരില്‍ ബസ് സ്റ്റാന്‍ഡ് തകര്‍ന്ന് വീണ് 9 പേര്‍ മരിച്ചു

20 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു

കോയമ്പത്തൂരില്‍ ബസ് സ്റ്റാന്‍ഡ് തകര്‍ന്ന് വീണ് 9 പേര്‍ മരിച്ചതായി സൂചന. 20 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നു. മരിച്ചവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല.

100 അടി നീളത്തില്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞു വീഴുകയായിരുന്നു. സോമനൂര്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടമാണ് തകര്‍ന്ന് വീണത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പോലീസിന്റെയും അഗ്നിശമന സേനയുടെ വലിയ സംഘം ഇവിടെ എത്തിയിട്ടുണ്ട്. യാത്രക്കാര്‍ ബസ് കാത്തിരിക്കുമ്പോള്‍ പെട്ടെന്ന് ഷെഡിന്റെ മുകള്‍ഭാഗം തകര്‍ന്നു വീഴുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

കോയമ്പത്തൂരില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സോമനൂര്‍ ബസ് സ്റ്റാന്‍ഡ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. അപകടത്തില്‍ ബസ് സ്റ്റാന്‍ഡിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റ പത്തോളം പേരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്കും മറ്റ് ആശുപത്രികളിലും എത്തിച്ചു. അതേസമയം ആശുപത്രികളിലെത്തിച്ചവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞദിവസങ്ങളില്‍ കോയമ്പത്തൂരില്‍ ശക്തമായ മഴ പെയ്തിരുവന്നു. ഇതാകാം കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണതിന്റെ കാരണമെന്നാണ് അധികൃതരുടെ നിഗമനം.

 

 

This post was last modified on September 7, 2017 5:47 pm