X

മന്ത്രിയുടെ ഭര്‍ത്താവ് ദളിത് പാര്‍ട്ടിപ്രവര്‍ത്തകയെ മര്‍ദ്ദിച്ചതായി ആരോപണം

പോലീസില്‍ പരാതിപ്പെടാന്‍ ഷീല ശ്രമിച്ചെങ്കിലും പാര്‍ട്ടി നേതാക്കള്‍ പിന്തിരിപ്പിച്ചതായും വാര്‍ത്തയില്‍ പറയുന്നു

പാര്‍ട്ടി പ്രവര്‍ത്തകയായ ദളിത് യുവതിയെ മന്ത്രി കെ.കെ.ശൈലജയുടെ ഭര്‍ത്താവ് കെ. ഭാസ്‌കരന്‍ മര്‍ദിച്ചതായി ആരോപണം. മുന്‍ മട്ടന്നൂര്‍ നഗരസഭാംഗവും പാര്‍ട്ടിയുടെ ബൂത്ത് ഏജന്റുമായ ഷീല രാജനാണ് തന്നെ മര്‍ദ്ദിച്ചതായി സിപിഎം സംസ്ഥാന നേതൃത്വത്തിനും കേന്ദ്രനേതൃത്വത്തിനും പരാതി നല്‍കിയതായി പറയുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടാകാതിനെ തുടര്‍ന്നാണ് ഷീല കേന്ദ്രനേതൃത്വത്തിലേക്ക് പരാതി നല്‍കിയതെന്നും ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്ന മലയാള മനോരമ പറയുന്നു.

കെ.ഭാസ്‌കരനെതിരെ ഉടനടി നടപടിയെടുക്കാന്‍ സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മനോരമയുടെ വാര്‍ത്തയില്‍ പറയുന്നുണ്ട്. മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമാണ് ഭാസ്‌കരന്‍. നഗരസഭാ തിരഞ്ഞെടുപ്പ് നടന്ന ഇക്കഴിഞ്ഞ എട്ടാം തീയതി വെകിട്ട് പെരിഞ്ചേരി ബൂത്തിലായിരുന്നു സംഭവം. ഭാസ്‌കരന്‍ ഷീലയെ ചീത്ത വിളിക്കുകയും തല്ലുകയും ചെയ്‌തെന്നാണ് പരാതി.

ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കത്തിനിടെ ബൂത്തിലെത്തിയ ഭാസ്‌കരനോടു പോളിങ് ഉദ്യോഗസ്ഥരെപ്പറ്റി ഷീല പരാതി പറഞ്ഞപ്പോള്‍ അത് വാക്കുതര്‍ക്കത്തിലേക്കും കൈയ്യേറ്റത്തിലേക്കും എത്തുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ ഷീലയുടെ ഭര്‍ത്താവും ഇടതുസംഘടനയുടെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ നേതാവുമായ കെ.പി.രാജനും ഭാസ്‌കരനും തമ്മിലും വാക്കേറ്റമുണ്ടായി; വാര്‍ത്തയില്‍ പറയുന്നു.

പോലീസില്‍ പരാതിപ്പെടാന്‍ ഷീല ശ്രമിച്ചെങ്കിലും പാര്‍ട്ടി നേതാക്കള്‍ പിന്തിരിപ്പിച്ചു. ദലിതരെ മര്‍ദിച്ച സംഭവമുണ്ടായാല്‍ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരമുള്ള കേസുകള്‍ കൂടാതെ 1989-ലെ പട്ടികജാതി/പട്ടികവര്‍ഗകാര്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയല്‍ നിയമം പ്രകാരം കേസെടുക്കണമെന്നും ചട്ടമുണ്ട്. ഇത്തരം കേസുകളില്‍ പരാതി നല്‍കുന്നതു തടയുന്നതും കുറ്റകരമാണ്. അതുപ്രകാരം ഷീലയെ പോലീസ് പരാതി നല്‍കാന്‍ തടഞ്ഞവര്‍ക്കെതിരെയും കേസ് എടുക്കാം.

This post was last modified on August 11, 2017 12:45 pm