X

ഉഴവൂര്‍ വിജയന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ടു

ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കളുണ്ടായിരുന്നെന്ന് എന്‍സിപി കോട്ടയം ജില്ലാ പ്രസിഡന്റ് ടിവി ബേബി ചൂണ്ടിക്കാട്ടി

അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്ര ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഉഴവൂരിന് പാര്‍ട്ടിയില്‍ ശത്രുക്കളുണ്ടായിരുന്നെന്ന് എന്‍സിപി കോട്ടയം ജില്ലാ പ്രസിഡന്റ് ടിവി ബേബി ചൂണ്ടിക്കാട്ടി. ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്‍സിപി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് കൊലവിളി നടത്തുന്നതായി ഉഴവൂര്‍ വിജയന്‍ പറഞ്ഞിട്ടുണ്ടെന്ന് കായങ്കുളത്തെ വ്യവസായി നൗഷാദ് ഖാന്‍ വെളിപ്പെടുത്തിയിരുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മൂലമാണ് വിജയനെ ഭീഷണിപ്പെടുത്തുന്നതെന്ന് സുള്‍ഫിക്കര്‍ തന്നോട് സമ്മതിച്ചതായും നൗഷാദ് വെളിപ്പെടുത്തുന്നു.

ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. അടികൊടുക്കും കൊല്ലും ഒന്നോ രണ്ടോ കോടി മുടക്കാനും ബുദ്ധിമുട്ടില്ല എന്നിങ്ങനെയായിരുന്നു സുള്‍ഫിക്കറിന്റെ സംഭാഷണം. എന്‍സിപിയിലെ തന്നെ ഒരു നേതാവിനെ വിളിച്ച് ഇത്തരത്തില്‍ സംസാരിച്ച സുള്‍ഫിക്കര്‍ ഉഴവൂര്‍ വിജയനെ നേരിട്ടും വിളിച്ചു. ഈ ഫോണ്‍ സംഭാഷണത്തിനിടെയാണ് വിജയന്‍ കുഴഞ്ഞുവീണത്. അതേസമയം ആരോപണങ്ങളെല്ലാം സുള്‍ഫിക്കര്‍ നിഷേധിച്ചിരിക്കുകയാണ്.