X

‘തെമ്മാടിത്തം പറഞ്ഞു നടന്നാല്‍.. തെരുവില്‍ തടയും’: പി വി അന്‍വറിന്റെ കോലം കത്തിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ / വീഡിയോ

സിപിഐ, മുസ്ലീം ലീഗിന് തുല്യമാണെന്നും തന്നെ ദ്രോഹിക്കാനാണ് എപ്പോഴും അവര്‍ ശ്രമിച്ചിട്ടുള്ളതെന്നുമായിരുന്നു പി വി അന്‍വറിന്റെ ആദ്യ പ്രസ്താവന.

സിപിഐ, മുസ്ലീം ലീഗിന് തുല്യമാണെന്ന പരാമര്‍ശത്തില്‍ പൊന്നാനിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ കോലം കത്തിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍. ‘തെമ്മാടിത്തം പറഞ്ഞു നടന്നാല്‍.. തെരുവില്‍ തടയും എഐവൈഎഫ്’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവര്‍ത്തകര്‍ മലപ്പുറത്ത് അന്‍വറിന്റെ കോലം കത്തിച്ചത്.

സിപിഐ, മുസ്ലീം ലീഗിന് തുല്യമാണെന്നും തന്നെ ദ്രോഹിക്കാനാണ് എപ്പോഴും അവര്‍ ശ്രമിച്ചിട്ടുള്ളതെന്നുമായിരുന്നു പി വി അന്‍വറിന്റെ ആദ്യ പ്രസ്താവന. വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐ നേതാവുമായ പി പി സുനീര്‍ ലീഗിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണെന്നും അന്‍വര്‍ പറഞ്ഞു. ഇതിനെതിരെയായിരുന്നു എഐവൈഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

പി വി അന്‍വറിനെതിരെ സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ സംസ്ഥാന നേതൃത്വത്തിന് പരാതിയും നല്‍കി. പാര്‍ട്ടിയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നുവെന്നതാണ് പരാതി. അന്‍വര്‍ പലവട്ടം മുന്നണി മര്യാദ ലംഘിച്ചിട്ടും സിപിഎം മൗനം തുടരുന്നതിലും സിപിഐക്ക് അതൃപ്തിയുണ്ട്.

പൊന്നാനിയില്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ വീഴ്ച്ചയുണ്ടായെന്നും സിപിഐ ആരോപിക്കുന്നുണ്ട്. പ്രചാരണ രംഗത്ത് ഐക്യമില്ലാത്തതും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നേതൃത്വമില്ലാത്തതും മുന്നണിക്ക് വോട്ടുകള്‍ നഷ്ടപെടുത്തിയെന്നാണ് സിപിഐയുടെ വിമര്‍ശനം.

പി വി അന്‍വറിന്റെ കോലം കത്തിക്കുന്ന എഐവൈഎഫ് പ്രവര്‍ത്തകര്‍ / വീഡിയോ

This post was last modified on May 1, 2019 10:47 am