X

സ്വര്‍ണം കടത്തിയെന്ന് ആരോപിച്ച് 18 മണിക്കൂര്‍ തടഞ്ഞുവച്ചു, നഗ്നരാക്കി; കാസര്‍കോട് സ്വദേശികളുടെ പരാതി

പരിശോധന മുറിയില്‍ ഇരുത്തി തങ്ങളെ നഗ്‌നരാക്കി പരിശോധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ പറയുന്നത്.

സ്വര്‍ണം കടത്തുന്നുവെന്ന് ആരോപിച്ച് 18 മണിക്കൂര്‍ തടഞ്ഞുവയ്ക്കുകയും നഗ്‌നരാക്കിയെന്നും കാസര്‍കോട് സ്വദേശികളായ അഞ്ച് യുവാക്കളുടെ പരാതി. മംഗളൂരു വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. കാസര്‍കോട് നായന്മാര്‍മൂല ഉനൈസ് മന്‍സിലില്‍ സയിദ്, കുമ്പള സ്വദേശിയായ അല്‍ത്താഫ്, കാഞ്ഞങ്ങാട് സ്വദേശി അസീബ്, ഉള്ളാള്‍ സ്വദേശി നവാസ്, ബന്തിയോട് സ്വദേശി ലത്തീഫ് എന്നിവരാണ് വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.

ജൂലൈ 27 ന് രാവിലെ 8.30ന് ദുബായില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇവര്‍ക്ക് 28-ന് പുലര്‍ച്ചേ 2.30 നാണ് വീട്ടിലേക്ക് പോകാന്‍ സാധിച്ചത്. അഞ്ചുപേരും പരസ്പരം പരിചയമില്ലാത്തവരാണ്. വിമാനത്താവളം അധികൃതര്‍ പരിശോധന മുറിയില്‍ ഇരുത്തി തങ്ങളെ നഗ്‌നരാക്കി പരിശോധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ പറയുന്നത്.

സ്‌കാനര്‍ തകരാറിലായതിനാലാവാം അലാം അടിച്ചതെന്ന കാര്യം പറഞ്ഞിട്ടും അധികൃതര്‍ കേട്ടില്ലെന്നും ഇവര്‍ക്കു തൊട്ടുമുന്‍പ് വിമാനത്താവള ജീവനക്കാര്‍ സ്‌കാനറിലൂടെ കടന്നുപോയപ്പോഴും സ്‌കാനര്‍ ബീപ് ശബ്ദം പുറപ്പെടുവിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ അതൊന്നും യാത്രക്കാര്‍ അന്വേഷിക്കേണ്ടെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടിയെന്നും യുവാക്കള്‍ പറഞ്ഞു.

സ്വര്‍ണം ഒന്നും കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയശേഷം ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സറേ അടക്കമുള്ള പരിശോധനകളും നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് ക്ഷമാപണം നടത്തി അധികൃതര്‍ വിട്ടയ്ച്ചുവെന്നും ഇവര്‍ പറയുന്നു.

*represent image

Explainer: എന്താണ് പ്രളയസെസ്? പരിധിയില്‍പ്പെടുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഏതൊക്കെ?

 

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..
https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber


 

This post was last modified on August 2, 2019 1:23 pm