X

പാകിസ്ഥാന് ശക്തമായ താക്കീത് നല്‍കി ഇന്ത്യ; രാജ്‌നാഥ് സിങ്ങും അജിത് ഡോവലും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ തയ്യാറാകണമെന്ന് പാകിസ്ഥാനോട് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ജമ്മു കശ്മീര്‍ പുല്‍വാമയില്‍ 42 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പാകിസ്ഥാനു ശക്തമായ താക്കീത് നല്‍കി ഇന്ത്യ. ഭീകരര്‍ക്കുള്ള പിന്തുണ നിര്‍ത്താന്‍ തയ്യാറാകണമെന്ന് പാകിസ്ഥാനോട് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചര്‍ച്ച നടത്തി.

ആഭ്യന്തരമന്ത്രി ഐബി, റോ മേധാവികളുമായി കൂടികാഴ്ച നടത്തി. ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ ഭൂട്ടാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ തെക്കന്‍ കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ശ്രീനഗര്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് 2ജി ആയും പരിമിതപ്പെടുത്തി.

എന്‍ഐഎ അന്വേഷണം ആരംഭിച്ചു. എന്‍ഐഎയുടെ 12 അംഗസംഘം ഇന്ന് രാവിലെ സംഭവ സ്ഥലത്ത് എത്തി. ഫൊറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ടാകും. ആക്രമണത്തിന് പിന്നില്‍ വിദേശ പങ്കുണ്ടോയെന്നതും പരിശോധിക്കും. എന്‍എസ്ജിയിലെ സ്‌ഫോടകവസ്തു വിദഗ്ധരും ഇന്ന് പരിശോധനയ്‌ക്കെത്തുന്നുണ്ട്.

This post was last modified on February 15, 2019 7:13 am