X

യാക്കോബായ സഭയിലെ ആഭ്യന്തരകലഹം; മെത്രാപൊലീത്ത ട്രസ്റ്റി സ്ഥാനത്ത് നിന്ന് തോമസ്പ്രഥമന്‍ കാതോലിക്ക ബാവ ഒഴിഞ്ഞു

കഴിഞ്ഞ ഏതാനും മാസങ്ങളിലായി സഭാ നേതൃത്വത്തിലെ ചിലര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനായി സാമൂഹിക മാധ്യമങ്ങളിലൂടെ ചില കത്തുകള്‍ പ്രചരിപ്പിക്കുന്നതായും തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ കത്തില്‍ വ്യക്തമാക്കി

യാക്കോബായ സഭയിലെ ആഭ്യന്തരകലഹത്തെ തുടര്‍ന്ന് മെത്രാപൊലീത്ത ട്രസ്റ്റി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന ബസേലിയോസ് തോമസ്പ്രഥമന്‍ കാതോലിക്ക ബാവയുടെ ആവശ്യം ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അംഗീകരിച്ചു. എന്നാല്‍ കാതോലിക്കാ പദവിയില്‍ തോമസ് പ്രഥമന്‍ ബാവ തന്നെ തുടരും. സഹായിക്കാനായി മൂന്ന് മെത്രാപ്പോലീത്തമാരുടെ സമിതിയെയും നിയമിച്ചു.

സ്ഥാനത്യാഗത്തിന് തയാറെന്ന് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ നേരത്തെ പാത്രിയര്‍ക്കീസിനെ അറിയിച്ചിരുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയായി തുടരാമെന്നും പാത്രിയര്‍ക്കീസ് ബാവായ്ക്ക് അയച്ച കത്തില്‍ തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ വ്യക്തമാക്കിയിരുന്നു. പാത്രിയാര്‍ക്കീസ് ബാവയ്ക്ക് അയച്ച കത്തില്‍ തോമസ് പ്രഥമന്‍ കാതിലോക്കാ ബാവ പറയുന്നത് ഇങ്ങനെയാണ്,

‘നിയമപരമായ കടമ്പകളിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ അത്തരം വിള്ളലുകള്‍ സമുദായത്തെ ദുര്‍ബലമാക്കും. അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും അതിജീവിച്ച് വൈദികരും അല്‍മായരും സഭയെ സേവിക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രാര്‍ഥിക്കുന്നു. ഇക്കാരണങ്ങളെല്ലാം പരിഗണിച്ച് കാതോലിക്കാ ബാവാ പദവിയില്‍ നിന്ന് വിരമിക്കാനും മെട്രൊപ്പൊലീറ്റന്‍ ട്രസ്റ്റി എന്ന നിലയ്ക്കുള്ള ചുമതലകള്‍ ഒഴിയാനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ 2 പതിറ്റാണ്ടിനിടെ കൈവന്ന സ്വത്തുക്കളും വസ്തുക്കളും സ്ഥാപനങ്ങളും അതത് ഔദ്യോഗിക ഘടകങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. സ്ഥാനമൊഴിയുമ്പോള്‍ സഭയ്ക്ക് സാമ്പത്തിക ബാധ്യതകളൊന്നും ശേഷിക്കുന്നില്ലെന്നതും അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നു. സഭയുടെ ഓഡിറ്റ് ചെയ്ത് കണക്കുകള്‍ അസോസിയേഷന് സമര്‍പ്പിച്ചിട്ടുണ്ട്’

കഴിഞ്ഞ ഏതാനും മാസങ്ങളിലായി സഭാ നേതൃത്വത്തിലെ ചിലര്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനായി സാമൂഹിക മാധ്യമങ്ങളിലൂടെ ചില കത്തുകള്‍ പ്രചരിപ്പിക്കുന്നതായും, വേദനയുണ്ടാക്കുന്ന തരത്തില്‍ വിഭാഗീയത സഭയില്‍ ഉണ്ടായിരിക്കുന്നുവെന്നും ഐക്യത്തിനും സമാധാനത്തിനും ഹാനികരമാണിതെന്നും തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ കത്തില്‍ വ്യക്തമാക്കിയിരുന്നു.