X

ആര്‍ട്ടിക്കിള്‍ 370 ഇന്ന് അന്തരിച്ചുവെന്ന് സുബ്രഹ്മണ്യ സ്വാമി, ചരിത്രപരമായ തെറ്റ് തിരുത്തിയെന്ന് ജയ്റ്റിലി, ഇത്തരം സ്വേച്ഛാധിപത്യ ആക്രമണങ്ങള്‍ നടക്കുമെന്ന് മുന്നറിയിപ്പുമായി യെച്ചൂരി

സുഷ സ്വരാജ് കുറിച്ചത് - 'വളരെ പക്വമായ ചരിത്രപരമായ തീരുമാനം. മഹത്തായ ഇന്ത്യയെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. ഒരേ ഒരു ഇന്ത്യ' എന്നാണ്.

രാഷ്ട്രപതി ഒപ്പുവെച്ച ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയുള്ള നിയമമന്ത്രാലയത്തിന്റെ വിജ്ഞാപനം ഇന്ന് രാവിലെയാണ് പുറത്തുവന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലഡാക്ക്, ജമ്മു കശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വരുമെന്ന പ്രഖ്യാപനം രാജ്യസഭയില്‍ നടത്തിയത്. അതിശക്തമായ പ്രതിപക്ഷ ബഹളത്തിനിടെയാണ് രാജ്യസഭയില്‍ സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്.

ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയുള്ള നിയമമന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നു. ഇതോടെ ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വരുമെന്ന് അമിത് ഷാ രാജ്യസഭയില്‍ പ്രഖ്യാപിച്ചു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പൂര്‍ണമായും പിന്‍വലിക്കുന്നതാണ് പ്രമേയം. കാശ്മീരുമായി ബന്ധപ്പെട്ട് നാല് ബില്ലുകളാണ് പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കുക. അതിശക്തമായ പ്രതിപക്ഷ ബഹളത്തിലൂടെയാണ് രാജ്യസഭയില്‍ സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്.

”ഈ ഉത്തരവ് ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനാ ഉത്തരവ് 2019 എന്നറിയപ്പെടും”: രാഷ്ട്രപതിയോടെ അനുമതിയോടെ പുറത്തിറക്കിയ നിയമമന്ത്രാലയത്തിന്റെ ഉത്തരവ് തുടങ്ങുന്നത് ഇങ്ങനെയാണ്. 1954ല്‍ പ്രസിഡണ്ടിന്റെ ഉത്തരവാല്‍ സ്ഥാപിതമായ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതായി ഉത്തരവ് പറയുന്നു. സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്നതാണ് അമിത് ഷായുടെ പ്രസ്താവന. ലഡാക്ക്, ജമ്മു കശ്മീര്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതില്‍ ലഡാക്കിന് നിയമസഭ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ ജമ്മു കശ്മീരിന് നിയമസഭയുണ്ടാകും.

കാശ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തോട് പലരീതിയിലാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിച്ചത്. പ്രമുഖ നേതാക്കളുടെ പ്രതികരണങ്ങള്‍

ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്നാണ് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ വീട്ടുതടങ്കലില്‍ കഴിയുകയും ചെയ്യുന്ന പിഡിപി നേതാവ് മെഹബൂബ മുഫ്തി പ്രതികരിച്ചത്. 1947 ല്‍ ഇന്ത്യയോടൊപ്പം നില്‍ക്കാനുള്ള ജമ്മു കാശ്മീരിലെ നേതാക്കളുടെ തീരുമാനത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ”ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനയ്ക്ക് എതിരുമാണ്. ഇത് ഇന്ത്യയെ ജമ്മു കാശ്മീരില്‍ ഒരു അധിനിവേശ ശക്തിയാക്കി മാറ്റും.” ട്വീറ്റിലൂടെ മെഹബൂബ മുഫ്തി പ്രതികരിച്ചു. ഇന്ത്യാ ഉപഭൂഖണ്ഡമാകെ വലിയ പ്രത്യാഘാതം ഈ തീരുമാനം ഉണ്ടാക്കുമെന്നും മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ചാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തത്. കേന്ദ്ര സര്‍ക്കാരുമായി മിക്ക വിഷയങ്ങളിലും എറ്റുമുട്ടല്‍ തുടര്‍ന്ന് പോന്നിരുന്ന കെജ്രിവാള്‍ കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാറിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയെന്നത് ശ്രദ്ധേയമാണ്. തീരുമാനത്തെ മിക്ക പ്രതിപക്ഷ പാര്‍ട്ടികളും എതിര്‍ക്കുമ്പോഴാണ് കേജ്രിവാളിന്റെ അപ്രതീക്ഷിത നീക്കം. ‘ജമ്മുകശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയെ പിന്തുണക്കുന്നു. സംസ്ഥാനത്ത് സമാധാനവും വികസനവും കൊണ്ടുവരാന്‍ ഇതുകൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു.’ എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്.

‘ചരിത്രപരമായ ഒരു തെറ്റ് ഇന്ന് തിരുത്തി’ എന്നാണ് ബിജെപി നേതാവ് അരുണ്‍ ജയ്റ്റിലി കുറിച്ചത്. സുഷ സ്വരാജ് കുറിച്ചത് – ‘വളരെ പക്വമായ ചരിത്രപരമായ തീരുമാനം. മഹത്തായ ഇന്ത്യയെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. ഒരേ ഒരു ഇന്ത്യ’ എന്നാണ്.

 

ബിജെപി നേതാവ് റാം മാധവ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ‘എന്തൊരു മഹത്തായ ദിനമാണിന്ന്. ഓടുവില്‍,ഇന്ത്യന്‍ യൂണിയനുമായി ജമ്മു കശ്മീരിനെ സമന്വയിപ്പിക്കുന്നതിനായി ഡോ. ശ്യാം പ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ആളുകള്‍ വരിച്ച രക്തസാക്ഷിത്വം മാനിക്കപ്പെടുന്നു, മാത്രമല്ല ഏഴ് പതിറ്റാണ്ട് പഴക്കമുള്ള രാജ്യത്തിന്റെ മുഴുവന്‍ ആവശ്യവും നമ്മുടെ കണ്‍മുന്നില്‍, നമ്മുടെ ജീവിതകാലത്ത് തന്നെ സാക്ഷാത്കരിക്കപ്പെടുന്നു.

പ്രമുഖ രാഷ്ട്രീയ നേതാവ് സുബ്രഹ്മണ്യ സ്വാമി പ്രതികരിച്ചത്, ‘ഞാന്‍ പറഞ്ഞിരുന്നത് ശരിയാണെന്ന് തെളിയിക്കപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കാന്‍ ഞങ്ങള്‍ക്ക് ഭരണഘടനാ ഭേദഗതി ആവശ്യമില്ല എന്നത്. ഇന്ന് രാഷ്ട്രപതി ഒപ്പുവച്ച വിജ്ഞാപനം പ്രമേയത്തിലൂടെ അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 370 ഇന്ന് അന്തരിച്ചു. കൂട്ടത്തില്‍ ആര്‍ട്ടിക്കിള്‍ 35 എ-യും’ എന്നാണ്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ‘ജനാധിപത്യ, ഭരണഘടനാ അവകാശങ്ങള്‍ക്ക് മേല്‍ ഇത്തരം സ്വേച്ഛാധിപത്യ ആക്രമണങ്ങള്‍ നടക്കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്.
ഭരണഘടനയ്ക്കും ഫെഡറലിസത്തിനും നേരെയുള്ള ഈ ആക്രമണത്തെ ചെറുക്കാന്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും ജനങ്ങളെ അണിനിരത്താനുമുള്ള സമയമാണിത്’ എന്നാണ് അദ്ദേഹം കുറിച്ചത്

.

.

Read: എന്താണ് ആർട്ടിക്കിൾ 370? നടപ്പിലാകുന്നത് ഏഴ് പതിറ്റാണ്ടായി ആര്‍ എസ് എസ് കൊണ്ടുനടന്ന ലക്ഷ്യം

.

 

This post was last modified on August 5, 2019 7:46 pm