X

ജമ്മു കാശ്മീരിന്‌ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി: രാജ്യസഭയില്‍ ഭരണഘടന വലിച്ചു കീറിയെറിഞ്ഞ് പിഡിപി അംഗങ്ങള്‍ 

ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും വിഭജനം തള്ളി ഇന്ത്യയുടെ കൂടെ നിന്നത് അബദ്ധമായിയെന്നും ജമ്മുകശ്മീരിന്റെ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ പ്രതികരിച്ചു

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പൂര്‍ണമായും പിന്‍വലിച്ചതിനെതിരെ രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ വന്‍ പ്രതിഷേധം. ഇതിനിടയില്‍ രാജ്യസഭയില്‍ പിഡിപി അംഗങ്ങള്‍ ഇന്ത്യന്‍ ഭരണഘടന വലിച്ചു കീറിയെറിഞ്ഞു. ബഹളം വച്ച പ്രതിപക്ഷ അംഗങ്ങളെ സ്പീക്കര്‍ പുറത്താക്കി. രാഷ്ട്രപതിയുടെ അധികാരം ഉപയോഗിച്ചായിരുന്നു ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ആര്‍ട്ടിക്കിള്‍ 370 നദ്ദാക്കുന്നത് സംബന്ധിച്ച് നിയമമന്ത്രാലയത്തിന്റെ വിജ്ഞാപനം വന്നു.

നസീര്‍ അഹമ്മദ് ലോവിയും എംഎം ഫയാസുമാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് ഭരണഘടന കീറിയത്. ഇരുവരെയും ഉടന്‍ തന്നെ സ്പീക്കര്‍ പുറത്താക്കുകയും ചെയ്തു. എംഎം ഫയാസ് തന്റെ കുര്‍ത്ത വലിച്ച് കീറി പ്രതിഷേധ മുദ്രാവാക്യം വിളിച്ചാണ് പുറത്തേക്ക് എത്തിയത്‌. ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും വിഭജനം തള്ളി ഇന്ത്യയുടെ കൂടെ നിന്നത് അബദ്ധമായിയെന്നും ജമ്മുകശ്മീരിന്റെ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും മെഹബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തിരുന്നു

കാശ്മിര്‍ സംബന്ധിച്ച പ്രമേയം അമിത് ഷാ അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം ആരംഭിച്ചിരുന്നു. കശ്മീരുമായി ബന്ധപ്പെട്ട് നാല് ബില്ലുകളാണ് പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിക്കുക. അതിശക്തമായ പ്രതിപക്ഷ ബഹളത്തിലൂടെയാണ് രാജ്യസഭയില്‍ സര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്.

ബില്ലവതരണത്തിനു മുമ്പ് അത് വായിച്ചു മനസ്സിലാക്കാനുള്ള സമയം നല്‍കാത്തത് ചൂണ്ടിക്കാട്ടിയുള്ള തൃണമൂല്‍ അംഗം ദെറിക് ഒബ്രിയാന്റെ റൂളിങ് വന്നെങ്കിലും അത് തള്ളി അമിത് ഷായ്ക്ക് സംസാരിക്കാനുള്ള അവസരം സ്പീക്കര്‍ നല്‍കുകയായിരുന്നു.

ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രസ്താവനയ്ക്കായി രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ക്ഷണിച്ചപ്പോള്‍ തന്നെ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അതേസമയം സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രാലായമാണ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

This post was last modified on August 5, 2019 12:51 pm

Related Post
Leave a Comment