X

വളര്‍ത്തുനായ മരിച്ചു; ഉടമയും സംഘവും ഡോക്ടറെ മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചു

ലാബര്‍ഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ മരിച്ചതിനെ തുടര്‍ന്ന് ചികിത്സിച്ച ഡോക്ടര്‍ ആക്രമിക്കപ്പെട്ടു.

ലാബര്‍ഡോര്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ മരിച്ചതിനെ തുടര്‍ന്ന് ചികിത്സിച്ച ഡോക്ടര്‍ ആക്രമിക്കപ്പെട്ടു. തിരുവനന്തപുരം പേരൂര്‍ക്കടയിലെ വെറ്റിനറി ആശുപത്രിയിലെ ഡോക്ടര്‍ അനൂപ് രാജമണിയെയാണ് നാലു പേരടങ്ങുന്ന സംഘം ആക്രമിച്ചത്. ആക്രമണത്തിനിരയായ ഡോ. അനൂപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.

അന്‍സാര്‍ മുഹമ്മദ് എന്നയാള്‍ തന്റെ വളര്‍ത്തുനായയുമായി ആശുപത്രിയിലെത്തുന്നത് ബുധനാഴ്ചയാണ്. ആ സമയത്ത് അനൂപ് രാജമണി ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. എന്നാല്‍ അന്‍സാര്‍ മുഹമ്മദ് വളര്‍ത്തുനായയുടെ അവസ്ഥ അപകടകരമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഡോ. അനൂപ് ചികിത്സിക്കാന്‍ തയ്യാറാവുകയായിരുന്നു. രോഗം വിഷബാധ തന്നെയാണെന്ന് ഉറപ്പിക്കുവാന്‍വേണ്ടി രക്ത സാംപിളുകള്‍ എടുത്തിരുന്നു.

നായ മരിച്ചതിനുശേഷം ഉടമ ബഹളമുണ്ടാക്കുകയാണ് ചെയ്തത്. അതിനെ തുടര്‍ന്ന് നിയമപരമായ പരാതി നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചുവെങ്കിലും അന്‍സാര്‍ മുഹമ്മദും കൂടെയുണ്ടായിരുന്ന മൂന്ന് പേരുംകൂടി ഡോ.അനൂപ് രാജമണിയെ ഉപദ്രവിക്കുകയായിരുന്നു. ഡോ. അനൂപിനെ മുറിയില്‍ പൂട്ടിയിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ഡോ. അനൂപിനെ ആദ്യം പേരൂര്‍ക്കട ഗവണ്‍മെന്റ് ഹോസ്പിറ്റലിലും, പിന്നീട് മെഡിക്കല്‍ കോളേജിലും അഡ്മിറ്റ് ചെയ്യുകയാണുണ്ടായത്.

ജില്ല വെറ്റിനറി അസോസിയേഷന്‍ ഡോ. അനൂപിനേറ്റ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ആശുപത്രിക്ക് മുന്‍പില്‍ സമരം നടത്തി.

ഡോ. അനൂപിനെ ആക്രമിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 332, 34 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഡോക്ടര്‍ സമരം; ‘നമ്മുടെ ഡോക്ടര്‍മാര്‍ അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല’ ശൈലജ ടീച്ചര്‍