X

വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും

കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തും.

ലോക്സഭാ തെരഞ്ഞെടുപ്പിന് വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. വയനാട്ടിലെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനാവാത്തതിനാലാണ് മറ്റ് മണ്ഡലങ്ങളിലെയും തീരുമാനം വൈകുന്നത്. കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തും. ഇതിനായി ഉമ്മന്‍ചാണ്ടിയെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്.

വയനാട് ടി സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഷാനിമോള്‍ ഉസ്മാന്‍, കെ പി അബ്ദുള്‍ മജീദ്, പി എം നിയാസ് എന്നിവരിലാരെയെങ്കിലും നിര്‍ത്തണമെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. സമവായസ്ഥാനാര്‍ഥിയായി വി വി പ്രകാശിന്റെ പേരും ഉയരുന്നുണ്ട്.

ഞായറാഴ്ച രാവിലെ ചെന്നിത്തല കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വീട്ടിലെത്തി ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമായില്ല. തീരുമാനം വൈകുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തിയുണ്ട്. ഇതേത്തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടിയെ വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, കെ സി വേണുഗോപാല്‍ എന്നിവര്‍ മൂന്നു നേതാക്കളുമായും ചര്‍ച്ചനടത്തും.

ഇതിന് ശേഷമായിരിക്കും രാഹുല്‍ ഗാന്ധിയെ കാണുക. ഗൗരവമുള്ള തര്‍ക്കമൊന്നും നിലവിലില്ലെന്നും ഇന്ന് തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

This post was last modified on March 18, 2019 6:33 am