X

യുഡിഎഫ് കണ്‍വീനര്‍, എഐസിസി പദവി, പാര്‍ലമെന്ററി ദൗത്യം; കെ വി തോമസിനെ അനുനയിപ്പിക്കാന്‍ നല്‍കിയത് 3 വാഗ്ദാനങ്ങള്‍

ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, തോമസുമായി നടത്തിയ കൂടിക്കാഴ്ച നടത്തി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനെ തുടര്‍ന്ന് അതൃപ്തി പ്രകടിപ്പിച്ച കെ വി തോമസിനെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് 3 വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് മനോരമ ഓണ്‍ലൈന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, തോമസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ യുഡിഎഫ് കണ്‍വീനര്‍ പദവി, എഐസിസി പദവി, പാര്‍ലമെന്ററി ദൗത്യം തുടങ്ങിയവയാണെന്നാണ് സൂചന.

യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ സ്ഥാനാര്‍ഥിയായിത്തോടെ സ്ഥാനം ഒഴിയും. ഈ സ്ഥാനത്തേക്ക് കെവി തോമസിനെ പരിഗണിക്കാനാണ് സാധ്യത. എഐസിസി നേതൃത്വത്തില്‍ എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍, പി സി ചാക്കോ എന്നിവര്‍ ഇപ്പോള്‍ തന്നെയുണ്ടെങ്കിലും മുതിര്‍ന്ന നേതാവിന് യോജിച്ച പദവി നല്‍കാമെന്നാണ് ഹൈക്കമാന്‍ഡ് പറയുന്നത്. നിയമസഭയിലേക്കു മത്സരിക്കണമോയെന്നത് കെ വി തോമസിന് തീരുമാനിക്കാം.

പാര്‍ലമെന്ററി ദൗത്യം തുടരുന്നതില്‍ തടസ്സമുണ്ടാവില്ലെന്നാണു വാസ്‌നിക് പറഞ്ഞതെങ്കിലും ഇതില്‍ രാജ്യസഭാ സീറ്റ് ഉള്‍പ്പെടുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ന് സോണിയ ഗാന്ധിയുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തും.

This post was last modified on March 18, 2019 7:15 am