X

ഷുഹൈബ് വധം: സിപിഎം പ്രതികളായ കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് അരക്കോടി രൂപയെന്ന് റിപ്പോര്‍ട്ട്

22.42 ലക്ഷം രൂപയുടെ ബില്ലാണ് സുപ്രീം കോടതി അഭിഭാഷകനായ വിജയ് ഹന്‍സാരിയ നല്‍കിയത്

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 56.4 ലക്ഷം രൂപ റിപ്പോര്‍ട്ട്. ഷുഹൈബിന്റെ പിതാവ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് സിബിഐ അന്വേഷണം വേണ്ടെന്ന് വാദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നുവെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എസ് പി ഷുഹൈബിനെ (30) കൊലപ്പെടുത്തി എന്നാണ് കേസ്.

കേസില്‍ സിപിഎം പ്രവര്‍ത്തകരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് വിട്ടിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ഇത് സ്റ്റേ ചെയ്തു. തുടര്‍ന്നാണ് അതിനെതിരെ ഷുഹൈബിന്റെ പിതാവ് ഹര്‍ജി നല്‍കിയത്. അഭിഭാഷകരുടെ ചെലവ് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അന്വേഷിച്ചിട്ടും നിയമ സെക്രട്ടറിയുടെയും അഡ്വക്കേറ്റ് ജനറലിന്റെയും ഓഫിസില്‍ നിന്നു പൂര്‍ണ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകരുടെ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ –

സുപ്രീം കോടതി അഭിഭാഷകനായ വിജയ് ഹന്‍സാരിയയ്ക്ക് ജൂണില്‍ 12.20 ലക്ഷം രൂപയാണ് നല്‍കിയത്. 2018 ഡിസംബര്‍ 1, 8 തീയതികളില്‍ മുതിര്‍ന്ന അഭിഭാഷകരുമായി കേസ് ചര്‍ച്ച ചെയ്തതിനും 18, 19 തീയതികളില്‍ ഹൈക്കോടതിയില്‍ ഹാജരായതിനും 22.42 ലക്ഷം രൂപയുടെ ബില്ലാണ് അദ്ദേഹം നല്‍കിയത്. വിജയ് ഹന്‍സാരിയയുടെ ബില്‍ സര്‍ക്കാര്‍ ഉത്തരവിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് എജിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.

അഡ്വ. അമരേന്ദ്ര ശരണിനു മേയില്‍ 22 ലക്ഷം രൂപ അനുവദിച്ചു. തുക കൈമാറിയിട്ടില്ല. മറ്റൊരു സുപ്രീം കോടതി അഭിഭാഷകന് 8.80 ലക്ഷം രൂപ ഈ കേസില്‍ നല്‍കിയെന്ന വിവരാവകാശ രേഖ മുമ്പു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട വിവരാവകാശ രേഖയില്‍ ഈ അഭിഭാഷകന്റെ പേരോ തുകയോ കാണിച്ചിട്ടില്ല.

സുപ്രീം കോടതി അഭിഭാഷകര്‍ ഏതെല്ലാം തീയതികളിലാണ് ഹൈക്കോടതിയില്‍ ഹാജരായതെന്നും ഇനിയും എത്ര ബില്ലുകള്‍ സമര്‍പ്പിക്കാനുണ്ടെന്നുമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. സുപ്രീം കോടതി സീനിയര്‍ അഭിഭാഷകരായ അമരേന്ദ്ര ശരണ്‍, വിജയ് ഹന്‍സാരിയ കൂടാതെ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരായ പി നാരായണന്‍, സുമന്‍ ചക്രവര്‍ത്തി എന്നിവരാണ് ഈ കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത്.

Read: പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം പാകിസ്താന്‍ ആര്‍മിയുടെ ക്യാമ്പുകളില്‍ മിന്നലാക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിട്ടിരുന്നു, വാജ്‌പേയ് അതില്‍ നിന്ന് പിന്മാറാന്‍ കാരണമിതാണ്‌

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. 

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

 

This post was last modified on July 30, 2019 8:48 am