X

സിപിഎം രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം വരുത്തുമെന്ന് യെച്ചൂരി

നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ മാറ്റമുണ്ടാകുമെന്ന സൂചനയാണ് യെച്ചൂരി നല്‍കുന്നത്

സിപിഎം രാഷ്ട്രീയ അടവുനയത്തില്‍ മാറ്റം വരുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി നയം വരുമെന്നും യെച്ചൂരി അറിയിച്ചു. വിശാഖപട്ടണം കോണ്‍ഗ്രസിന്റെ സമയത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ബിജെപിയെ സിപിഎം മുഖ്യശത്രുവായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒക്ടോബറില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം സീതാറാം യെച്ചൂരി പറഞ്ഞു. ഇന്നലെയും ഇന്നുമായി നടന്ന പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥ രാഷ്ട്രീയ സഹാചര്യം മുന്നില്‍ക്കണ്ടാണ് സിപിഎം പാര്‍ട്ടി അടവുനയം സ്വീകരിച്ചിട്ടുള്ളത്. അടുത്തവര്‍ഷം ഏപ്രില്‍ 18 മുതല്‍ 22 വരെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദ്രാബാദില്‍ ചേരും. ഇതിനുള്ള രാഷ്ട്രീയ പ്രമേയത്തില്‍ തീരുമാനമെടുക്കാനാണ് പിബി രണ്ട് ദിവസത്തെ യോഗം ചേര്‍ന്നത്.

മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന നിലപാടാണ് പാര്‍ട്ടി ബംഗാള്‍ ഘടകത്തിനുള്ളത്. ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ കാണരുതെന്നാണ് ബംഗാള്‍ ഘടകം പറയുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ മാറ്റമുണ്ടാകുമെന്ന സൂചനയാണ് യെച്ചൂരി നല്‍കുന്നത്.

This post was last modified on September 7, 2017 3:37 pm