X

ചെന്നിത്തല 146, ഉമ്മന്‍ ചാണ്ടി 136; കോണ്‍ഗ്രസില്‍ ചാണ്ടി യുഗം അവസാനിക്കുന്നോ?

എം ആര്‍ വാക്സിനേഷന്‍ കവറേജ് 70 ശതമാനത്തില്‍ കുറഞ്ഞാല്‍ അത് ഗുരുതരമായ ആരോഗ്യ, സാമൂഹ്യ പ്രശ്നങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കും എന്ന് വിദഗ്ധര്‍ പറഞ്ഞതും ഇന്നത്തെ പ്രധാന വാര്‍ത്തയാണ്

ഒടുവില്‍ കെപിസിസിയുടെ ജംബോ പട്ടിക പുറത്തുവന്നു. “നീണ്ടു… നീണ്ടു… നീണ്ടുപോയ കെപിസിസി പട്ടിക; ദാ, വന്നല്ലോ?” എന്ന പരിഹാസ തലക്കെട്ടാണ് മലയാള മനോരമ നല്‍കിയിരിക്കുന്നത്. എന്തായാലും അധികം കളിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തില്ലെന്ന ഹൈക്കമാന്‍ഡ് ഭീഷണി ഫലിച്ചു എന്നു വേണം കരുതാന്‍. 304 പേരുള്ള പട്ടിക പക്ഷേ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇന്ന് പത്തരയ്ക്ക് ചേരുന്ന കെ പി സി സിയുടെ അടിയന്തിര യോഗം പട്ടിക അംഗീകരിച്ച് പുറത്തു വിടുമെന്ന് കരുതാം.

പട്ടിക ആയെങ്കിലും പ്രശ്നങ്ങള്‍ അടങ്ങിയിട്ടില്ല എന്നു ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരം എം പി ശശി തരൂരും കോഴിക്കോട് എം പി എം.കെ രാഘവനും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല എന്നാണ് ഹിന്ദുവിന്റെ റിപ്പോര്‍ട്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കുന്ന തിരക്കില്‍ ഗ്രൂപ്പുകളില്‍ പെടാത്ത ചിലര്‍ പുറത്താകും എന്ന കാര്യം തീര്‍ച്ചയാണ്. എന്നാല്‍ അത് താരതമ്യേന ചെറിയ കളിക്കാരായിരിക്കും. ദേശീയ നേതൃത്വത്തോട് അടുത്ത് ഇടപെടുന്ന തരൂരും കോണ്‍ഗ്രസ്സിന് ബാലികേറാ മലയായിരുന്ന കോഴിക്കോട് ലോകസഭാ മണ്ഡലം തുടര്‍ച്ചയായി വിജയിപ്പിച്ചെടുക്കുന്ന താരതമ്യേന ജനപ്രിയനായ നേതാവ് എം.കെ രാഘവനും പട്ടികയില്‍ ഇടം പിടിക്കാതിരിക്കുക എന്നു പറഞ്ഞാല്‍ അതിനു സാരമായ കുഴപ്പമുണ്ട് എന്നു തന്നെയാണ് അര്‍ത്ഥം. അതേ സമയം തരൂരിനെ പട്ടം ബ്ലോക്കില്‍ നിന്നും എം.കെ രാഘവനെ മാടായി ബ്ലോക്കില്‍ നിന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

എന്നാല്‍ ഇന്നത്തെ യോഗത്തോടെ എല്ലാ പ്രശങ്ങളും പരിഹരിക്കപ്പെടും എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. പട്ടികയില്‍ 28 വനിതാ മെംബര്‍മാരും 45 വയസില്‍ താഴെ പ്രായമുള്ള 45 പേരും 18 പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗ പ്രതിനിധികളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് കേള്‍ക്കുന്നത്. വനിതകളുടെ പങ്കാളിത്തം പത്തു ശതമാനം പോലും ഇല്ല എന്നത് ശ്രദ്ധിയ്ക്കുക.

പട്ടിക സംബന്ധിച്ച ഏറ്റവും പ്രധാന കാര്യം ചെന്നിത്തല നയിക്കുന്ന ക്യാമ്പില്‍ നിന്നും 146 അംഗങ്ങള്‍ ഇടം നേടി എന്നുള്ളതാണ്. 136 പേരാണ് ഉമ്മന്‍ ചാണ്ടി ക്യാമ്പില്‍ നിന്നുള്ളത്. ഗ്രൂപ്പ് രഹിത 22 പേരും പട്ടികയില്‍ ഉണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒക്കെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സിലെ അധികാര പെന്‍ഡുലം രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായി ചലിക്കുകയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പല പല സ്ഥാപിത താത്പര്യങ്ങള്‍ കൊണ്ടുനടക്കുന്ന പഴയ ഐ ഗ്രൂപ്പിനെ കരുണാകരന്റെ ലെഗസിയിലേക്ക് കൊണ്ടുവരാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിന് കഴിയുമോ എന്നു സംശയമാണ്. പാര്‍ട്ടിയില്‍ കിട്ടിയ മേല്‍ക്കൈ പടയൊരുക്കം ജാഥയിലൂടെ, ഐക്യ ജനാധിപത്യ മുന്നണിയിലും നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ ചെന്നിത്തലയ്ക്ക് ഒരു കൈ നോക്കാം. അല്ലെങ്കില്‍ താത്ക്കാലികമായ പരാജയത്തില്‍ നിന്നും ഏത് സമയവും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ സാധ്യതയുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ അടിയറവ് പറയേണ്ടി വരും.

ഏഴു മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ പട്ടികയില്‍ ഉണ്ടെന്നാണ് വാര്‍ത്ത. ഇവരില്‍ ആരെങ്കിലും പ്രസിഡണ്ട് ആകുമോ അതോ പുതിയൊരാള്‍ രംഗപ്രവേശം ചെയ്യുമോ അതുമല്ലെങ്കില്‍ ‘താത്ക്കാലികന്‍’ വീണ്ടും തുടരുമോ എന്നും ഇന്നറിയാം.

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ഭാവി: പൂരം നടക്കട്ടെ, വെടിക്കെട്ടിന്റെ കാര്യം അപ്പോള്‍ അറിയാം

മറ്റ് പ്രധാന വാര്‍ത്തകള്‍

രണ്ടു മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍ വിഹിതം തടയാന്‍ ഭക്ഷ്യ വകുപ്പില്‍ ആലോചന നടക്കുന്നതായി മാതൃഭൂമി ഒന്നാം ലീഡ് വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവരുടെ കാര്‍ഡ് റദ്ദാക്കപ്പെടില്ല. വാങ്ങാത്തവരുടെ വിഹിതം അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചു നല്‍കാനാണ് ആലോചന. ഭക്ഷ്യ വകുപ്പിന്റെ ഈ മാവോയിസ്റ്റ് ലൈന്‍ എന്തായാലും കൊള്ളാം. മന്ത്രി എന്ന നിലയില്‍ പേര് കേള്‍പ്പിക്കാത്ത പി തിലോത്തമന്‍ സാറിന് അഭിനന്ദനങ്ങള്‍.

രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വാക്കുകളെ ഇടതുപക്ഷം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണ് എന്നാണ് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പരിദേവനം. മുന്‍പ് അട്ടപ്പാടി സൊമാലിയ ആണെന്ന് പറഞ്ഞ നരേന്ദ്ര മോദിയുടെ വാക്കുകളെ ബിജെപിയും രാഷ്ട്രീയമായാണ് ഉപയോഗിച്ചത് എന്ന കാര്യം മറന്നു പോകരുത്. രാഷ്ട്രപതിയുടെ പ്രസംഗം ബിജെപിക്കാര്‍ നൂറു തവണ വായിക്കണം എന്നാണ് കോടിയേരിയുടെ ഉപദേശം. ജന രക്ഷാ യാത്ര വന്‍ വിജയമായി എന്നു വിലയിരുത്തിയ ബിജെപി നേതൃയോഗത്തില്‍ വേങ്ങരയിലെ തിരിച്ചടി വന്‍ വിമര്‍ശനം ഉണ്ടാക്കി. വി മുരളീധരന്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നതും ശ്രദ്ധിക്കപ്പെട്ടു.

ഒടുവില്‍ രാം നാഥ് കോവിന്ദും കുമ്മനത്തെ തോല്‍പ്പിച്ചു!

കലാലയങ്ങളിലെ രാഷ്ട്രീയം നിരോധിച്ച നടപടി പിന്‍വലിക്കണം എന്നു മലങ്കര ഓര്‍ത്തഡോക്സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപോലീത്ത അഭിപ്രായപ്പെട്ടതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. “സമീപകാലത്തുണ്ടായ ഏറ്റവും യുക്തിഹീനവും ജനാധിപത്യ വിരുദ്ധവും അശാസ്ത്രീയവുമായ കോടതി ഉത്തരവാണ്” ഇതെന്നാണ് മെത്രാപൊലീത്ത അഭിപ്രായപ്പെട്ടത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം; അടിയന്തരാവസ്ഥ കാലം ഓര്‍മ്മ വരുന്നു, മൈ ലോര്‍ഡ്

എം ആര്‍ വാക്സിനേഷന്‍ കവറേജ് 70 ശതമാനത്തില്‍ കുറഞ്ഞാല്‍ അത് ഗുരുതരമായ ആരോഗ്യ, സാമൂഹ്യ പ്രശ്നങ്ങള്‍ കേരളത്തില്‍ ഉണ്ടാക്കും എന്ന് വിദഗ്ധര്‍. അതേ സമയം 95 ശതമാനത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മീസില്‍സും റൂബെല്ലയും സംസ്ഥാനത്ത് നിന്നും പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോള്‍ 90 ശതമാനം റൂബെല്ല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളിലാണ്. വാക്സിനേഷന്‍ പരാജയപ്പെട്ടാല്‍ അത് 20-30 പ്രായമുള്ളവരിലേക്കും ബാധിക്കാന്‍ സാധ്യതയുണ്ട്. അതായത് ഗര്‍ഭിണികളായ സ്ത്രീകളെ ബാധിക്കും എന്നര്‍ത്ഥം. നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കേരള പോലീസിന്റെ ഹൈ ടെക് സെല്‍ ശുപാര്‍ശ ചെയ്തതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

യോഗിയോട് എന്തുപറയും? 59 ശതമാനത്തില്‍ കിതച്ച് സംസ്ഥാനത്തെ എം ആര്‍ വാക്സിനേഷന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on October 30, 2017 12:37 pm