X

ത്രിപുരയില്‍ ആദിവാസി മേഖലയില്‍ വ്യാപക അക്രമം: 300 പേര്‍ സംസ്ഥാനം വിട്ടു

പ്രതിപക്ഷ നേതാവ് മണിക് സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എല്‍ കെ ഗുപ്തയുമായി കൂടിക്കാഴ്ച്ച നടത്തി. ജനങ്ങളുടെ സുരക്ഷ, അവര്‍ക്ക് ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം എന്നിവ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ മണിക് സര്‍ക്കാര്‍ സംസാരിച്ചു.

ത്രിപുരയിലെ ആദിവാസി മേഖലയില്‍ വ്യാപക ആക്രമണം. വെസ്റ്റ് ത്രിപുരയിലെ റാണിര്‍ബസാറില്‍ വെള്ളിയാഴ്ച്ചയാണ് അക്രമം നടന്നത്. 61 കുടുംബങ്ങളില്‍പെട്ട മുന്നൂറോളം പേര്‍ സംസ്ഥാനം വിട്ടതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ പ്രതിഷേധക്കാര്‍ വീടുകള്‍ക്ക് തീയിട്ടതായി പൊലീസ് പറഞ്ഞു. ഒരു ആദിവാസി പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതായ ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷം. നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

റാണി ബസാറില്‍ ദുര്‍ഗ വിഗ്രഹങ്ങള്‍ കാണാനാണ് കാമുകനൊപ്പം പെണ്‍കുട്ടി എത്തിയത്. വിഗ്രഹങ്ങള്‍ കാണുന്നതിനിടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ഫോണ്‍ തട്ടിപ്പറിക്കുകയുമായിരുന്നു. വീട്ടിലെത്തിയ ഇരുവരും വിവരം ബന്ധുക്കളേയും നാട്ടുകാരേയും അറിയിച്ചു. തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ഇവര്‍ക്കൊപ്പം റാണിര്‍ബസാറിലെത്തുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചവരെ മര്‍ദ്ദിക്കുകയും അവരുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.

നൂറുകണക്കിനാളുകള്‍ ഇപ്പോള്‍ റാണിര്‍ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ക്യാമ്പ് ചെയ്യുകയാണ്. ജില്ലാ ഭരണകൂടമാണ് ഇവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം വിതരണം ചെയ്യുന്നത്. പ്രതിപക്ഷ നേതാവ് മണിക് സര്‍ക്കാര്‍ ചീഫ് സെക്രട്ടറി എല്‍ കെ ഗുപ്തയുമായി കൂടിക്കാഴ്ച്ച നടത്തി. ജനങ്ങളുടെ സുരക്ഷ, അവര്‍ക്ക് ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം എന്നിവ ഉറപ്പുവരുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ മണിക് സര്‍ക്കാര്‍ സംസാരിച്ചു. ത്രിപുരയിലെ ആദിവാസി മേഖല കുറച്ച് വര്‍ഷങ്ങളായി സംഘര്‍ഷരഹിതമായിരുന്നു.

This post was last modified on October 20, 2018 12:21 pm