X

കോണ്‍ഗ്രസിന് തിരിച്ചടിയായത് 2012ലെ ധാര്‍ഷ്ട്യം, 2019ല്‍ പാര്‍ട്ടിയെ നയിക്കാന്‍ തയ്യാര്‍: രാഹുല്‍ ഗാന്ധി

മോദി സര്‍ക്കാരിന്റെ കീഴില്‍ അക്രമസംഭവങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ മുഖ്യധാരയിലേക്ക് കടന്നുവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ശിഥിലീകരണത്തിന്റെ കാരണങ്ങളെക്കുറിച്ച് സ്വയംവിമര്‍ശനപരമായ പരിശോധന നടത്തിയുമാണ് രാഹുല്‍ ഗാന്ധിയുടെ യുഎസ് പര്യടനം തുടങ്ങിയിരിക്കുന്നത്.

2012-ഓടെ പാര്‍ട്ടിക്കുള്ളിലേക്ക് നുഴഞ്ഞുകയറിയ ധാര്‍ഷ്ഠ്യ മനോഭാവമാണ് കോണ്‍ഗ്രസിനെ ജനങ്ങളില്‍നിന്ന് അകറ്റിയതെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രണ്ടാഴ്ചയാണ് രാഹുലിന്റെ യുഎസ് പര്യടനം. നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ അക്രമസംഭവങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെ മുഖ്യധാരയിലേക്ക് കടന്നുവരുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയും ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ ശിഥിലീകരണത്തിന്റെ കാരണങ്ങളെക്കുറിച്ച് സ്വയംവിമര്‍ശനപരമായ പരിശോധന നടത്തിയുമാണ് രാഹുല്‍ ഗാന്ധിയുടെ യുഎസ് പര്യടനം തുടങ്ങിയിരിക്കുന്നത്.

സംഘര്‍ഷം ഇന്ത്യയുടെ മുഖ്യധാരയിലേക്ക് വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഇത് തീര്‍ത്തും അപകടകരമായ പ്രവണതയാണ്. സംഘര്‍ഷത്തിന്റെ ഫലമായി മുത്തശ്ശിയെയും പിതാവിനെയും നഷ്ടമായ ആളാണ് ഞാന്‍. അക്രമത്തിന്റെ അപകടങ്ങള്‍ എനിക്ക് മനസിലായില്ലെങ്കില്‍ വേറെ ആര്‍ക്ക് അതു മനസിലാക്കാനാകും? അഹിംസ എന്ന ആശയം വലിയ പ്രതിസന്ധി നേരിടുകാണ്. മനുഷ്യസമൂഹത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുന്ന പ്രധാന ആശയം അഹിംസയാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ധ്രുവീകരണ രാഷ്ട്രീയം വളരെ അപകടം പിടിച്ച ഒന്നാണ്. വിദ്വേഷം, കോപം, ഹിംസ എന്നിവയ്‌ക്കെല്ലാം നമ്മെ വേരോടെ പിഴുതെറിയാന്‍ സാധിക്കും. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ കൊല്ലപ്പെടുന്നു. ബീഫ് കൊണ്ടുപോകുന്നതിന്റെ പേരില്‍ പൗരന്‍മാര്‍ മര്‍ദ്ദനത്തിന് ഇരയാവുകയും ദളിത് വിഭാഗക്കാര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. ബീഫ് കഴിക്കുന്നതിന്റെ പേരില്‍ മുസ്‌ലീങ്ങളും വധിക്കപ്പെടുന്നു. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചകളാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് വളരെ സുതാര്യമായിരുന്ന വിവരാവകാശ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. അതേസമയം മോദി മികച്ച പ്രഭാഷകനാണെന്ന് രാഹുല്‍ പറഞ്ഞു. എന്റെ കൂടി പ്രധാനമന്ത്രിയാണ് അദ്ദേഹം. മികച്ച പ്രഭാഷകനായ അദ്ദേഹത്തിന് ആശയങ്ങള്‍ ഏറ്റവും കൃത്യമായി ശ്രോതാക്കളില്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍, ഭരണം സുതാര്യമാക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് വീഴ്ചകള്‍ സംഭവിക്കുന്നുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. അതേസമയം തന്നെ മോശമായി ചിത്രീകരിക്കാന്‍ മോദിക്ക് വേണ്ടി ഒരു പ്രചാരണ മെഷിനറി പ്രവര്‍ത്തിക്കുന്നുണ്ടെന്നും രാഹുല്‍ ആരോപിച്ചു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെക്കുറിച്ചും രാഹുല്‍ മനസ് തുറന്നു. ഇന്ത്യയുടെ ഭൂരിഭാഗവും ഇത്തരത്തില്‍ തന്നെയാണ് ഭരിക്കപ്പെടുന്നതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഒരു പൊതു രീതിയാണിത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും തന്നെ ഇത്തരം കുടുംബാധിപത്യം ഒരു പ്രശ്‌നമാണ്. അഖിലേഷ് യാദവ്, എം.കെ.സ്റ്റാലിന്‍, നടന്‍ അഭിഷേക് ബച്ചന്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ പിന്തുടര്‍ച്ചക്കാരായി എത്തിയവരാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എന്നെ മാത്രം ലക്ഷ്യമിടുന്നതില്‍ കാര്യമില്ല – രാഹുല്‍ പറഞ്ഞു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും രാഹുല്‍ വ്യക്തമാക്കി. ലോസ് ഏഞ്ചലസില്‍ അസ്‌പെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമുഖരുമായും വാഷിംഗ്ടണില്‍ നയരൂപീകരണ വിദഗ്ധരും രാഷ്ട്രീയ നേതാക്കളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ വംശജരുടെ സമ്മേളനത്തിലും പങ്കെടുക്കും.

This post was last modified on September 12, 2017 10:14 am