X

ജയ്ഷ് ഇ മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്, വേറെന്ത് തെളിവാണ് നിങ്ങള്‍ക്ക് വേണ്ടത്? ഇമ്രാന്‍ ഖാനോട് അരുണ്‍ ജയ്റ്റ്‌ലി

മുംബയ് ഭീകരാക്രമണത്തില്‍ എല്ലാ തെളിവുകളും കൈമാറിയിട്ടും എന്തുണ്ടായി. വെറുതെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പ്രസ്താവനയാണിത് - ജയ്റ്റ്ലി പറഞ്ഞു.

പുല്‍വാമ ഭീകരാക്രണത്തിന്റെ സൂത്രധാരരെ സുരക്ഷാസേന വധിച്ചതായി കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സുരക്ഷാസേന ഈ ഭീകരവിരുദ്ധ പ്രവര്‍ത്തനം ശക്തമായി തുടരും. ഇന്ത്യക്ക് ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയുണ്ട്. തെളിവ് തന്നാല്‍ നടപടിയെടുക്കാം എന്ന ഇമ്രാന്‍ ഖാന്റെ വാദം ബാലിശമാണ്. ജയ്ഷ് ഇ മുഹമ്മദിന്റെ ആസ്ഥാനം പാകിസ്താനി ബഹവല്‍പൂരിലാണ്. മുംബയ് ഭീകരാക്രമണത്തില്‍ എല്ലാ തെളിവുകളും കൈമാറിയിട്ടും എന്തുണ്ടായി. വെറുതെ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പ്രസ്താവനയാണിത് – ജയ്റ്റ്ലി പറഞ്ഞു.

പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന നോക്കിയാല്‍ മൂന്ന് കാര്യങ്ങള്‍ വ്യക്തമാണ്. പുല്‍വാമ സംഭവത്തെക്കുറിച്ചുള്ള ഒരു ഒഴിവുകഴിവ് പറഞ്ഞ് ഇതിനെ പൂര്‍ണമായും അപലപിക്കുക പോലും ചെയ്യുന്നില്ല. രണ്ടാമത് ഇരകളായ കുടുംബങ്ങളോട് അല്‍പ്പം പോലും അനുതാപം കാണിക്കുന്നില്ല. മൂന്നാമതായി കുറ്റം ചെയ്തതായി സമ്മതിച്ചിട്ടുള്ള സംഘടന പ്രവര്‍ത്തിക്കുന്നത് ഈ പ്രധാനമന്ത്രിയുടെ രാജ്യത്താണ്. ഇന്നലെ സുരക്ഷാസേന വധിച്ചവരില്‍ രണ്ട് പേര്‍ പാകിസ്താന്‍കാരാണ്. ഇനി നടപടി എടുക്കാന്‍ എന്ത് തെളിവാണ് ആവശ്യമുള്ളത്? – ജയ്റ്റ്ലി ചോദിച്ചു.