പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്താനെ മൊത്തത്തില്‍ കുറ്റപ്പെടുത്താനാകില്ലെന്ന് പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവ്ജോത് സിംഗ് സിധു. പുല്‍വാമ ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു സംഘം ആളുകള്‍ നടത്തിയ ഈ ആക്രമണത്തിന് ഒരു രാജ്യത്തെ മുഴുവനായി കുറ്റപ്പെടുത്താനാകുമോ എന്ന് പാകിസ്താന്റെ പേരെടുത്ത് പറയാതെ സിധു പറഞ്ഞു. ഇത് ഭീരുത്വപൂര്‍ണമായ ക്രൂരകൃത്യമാണ്. ഇതിനെ ശക്തമായി ഞാന്‍ അപലപിക്കുന്നു. ഇതിന് പിന്നില്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവനായോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വ്യക്തിയേയോ കുറ്റപ്പെടുത്താനാകുമോ – സിധു ചോദിച്ചു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനാണ് എന്നാണ് ഇന്നലത്തെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചത്. പാകിസ്താന് ഇതിലൂടെ വലിയ തെറ്റാണ് ചെയ്തിരിക്കുന്നത് എന്നും അവര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും മോദി പറഞ്ഞിരുന്നു. പാകിസ്താന് നല്‍കിയിരുന്ന സൗഹൃദ രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിക്കുകയും ചെയ്തിരുന്നു. അതേസമയം പുല്‍വാമ ഭീകരാക്രണത്തെ അപലപിച്ചും തങ്ങള്‍ ഒരു പങ്കുമില്ലെന്ന് പറഞ്ഞും പാകിസ്താന് രംഗത്തെത്തിയിരുന്നു. സിധുവിന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനിടെ സിധു പങ്കെടുക്കുന്ന, കൊമേഡിയന്‍ കപില്‍ ശര്‍മയുടെ ടിവി ഷോയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നു.
കഴിഞ്ഞ വര്‍ഷം പാകിസ്താന് പ്രധാനമന്ത്രിയായുള്ള ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞയില്‍ സിധു പങ്കെടുത്തിരുന്നു. പിന്നീട് കര്‍താപൂര്‍ സാഹിബ് കോറിഡോറുമായി ബന്ധപ്പെട്ട് ചര്്ച്ചകള്ക്കും ഉദ്ഘാടനത്തിനുമെല്ലാം സിധു പാകിസ്താനില്‍ പോയി. പാക് കരസേന മേധാവി ഖമര്‍ ജാവേദ് ബജ്വയെ സിധു ആലിംഗനം ചെയ്തത് ബിജെപി വിവാദമാക്കിയിരുന്നു. സിധുവിനെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
This post was last modified on February 16, 2019 8:08 am