X

മോദിയെ വിമര്‍ശിച്ചതിന് പിന്നാലെ പ്രകാശ് രാജിനെതിരെ കേസ്; പറയേണ്ടിടത്തെല്ലാം സത്യം വിളിച്ചുപറയുമെന്ന് പ്രകാശ് രാജ്‌

ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഈ രാജ്യത്തെ പൗരനെന്ന നിലക്ക് പ്രധാനമന്ത്രിയോട് വിയോജിക്കാനും വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും തനിക്ക് അവകാശമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

ഗൗരി ലങ്കേഷ് വധത്തില്‍ മൗനം പാലിച്ച പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ നടന്‍ പ്രകാശ് രാജിനെതിരെ കേസ്. ലക്‌നൗ കോടതിയില്‍ സര്‍ദാര്‍ പര്‍വീന്ദര്‍ സിംഗ് എന്ന അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കേസില്‍ ശനിയാഴ്ച കോടതി വാദം കേള്‍ക്കും. അതേസമയം തനിക്ക് പറയാനുള്ള കാര്യങ്ങളും സത്യവും എവിടെയും പറയുമെന്ന് ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് രാജ് വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങള്‍ പിന്‍വലിക്കുകയോ ഒളിച്ചോടുകയോ ചെയ്യില്ല. ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഈ രാജ്യത്തെ പൗരനെന്ന നിലക്ക് പ്രധാനമന്ത്രിയോട് വിയോജിക്കാനും വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും തനിക്ക് അവകാശമുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു.

ഒക്ടോബര്‍ ഒന്നിന് ബംഗളൂരുവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രകാശ് രാജ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്ക് ലഭിച്ച് അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ ശരിക്കും കൊടുക്കേണ്ടത് മോദിക്കും യോഗിക്കുമൊക്കെയാണെന്ന് പറഞ്ഞ് അദ്ദേഹം പരിഹസിച്ചിരുന്നു. പ്രധാനമന്ത്രി ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരാണ് ഗൗരിയുടെ കൊലപാതകത്തെ ന്യായീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതെന്ന് പറഞ്ഞ പ്രകാശ് രാജ്, നിങ്ങള്‍ അഭിനയിക്കുന്നത് കണ്ടാല്‍ ഒരു നടനായ എനിക്ക് മനസിലാവില്ലെന്ന് കരുതിയോ എന്നും മോദിയോട് ചോദിച്ചിരുന്നു.

This post was last modified on October 5, 2017 10:48 am