X

മുഖ്യമന്ത്രി നാളെ അമേരിക്കൻ മലയാളികളെ കാണും; 24 ന് കേരളത്തിലേക്ക്

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.40നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.

ചികിത്സയുമായി ബന്ധപ്പെട്ട് അമേരിക്കയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അമേരിക്കൻ മലയാളികളെ കാണും. ന്യൂയോർക്കിലെ ദ് ക്രൗൺ പ്ലാസയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി മലയാളികളെ അഭിസംബോധന ചെയ്യും.

നവകേരളം സൃഷ്ടിക്കുന്നതിനായി യുഎസ് മലയാളികൾക്ക് എന്തെല്ലാം സംഭാവന ചെയ്യാനാകും എന്ന കാര്യം മുഖ്യമന്ത്രി പരിപാടിയിൽ പങ്കുവെച്ചേക്കും. പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്ന അമേരിക്കൻ മലയാളി സംഘടനാ ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. ലോക കേരള സഭ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായേക്കും.

ചികിത്സ പൂർത്തിയാക്കിയ ശേഷം 23ന് കേരളത്തിലേക്ക് പിണറായി വിജയൻ മടങ്ങുമെന്നാണ് സൂചന. പ്രളയക്കെടുതി നേരിടുന്ന സമയമായിരുന്നു പിണറായി വിജയൻ ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം അത് നീട്ടിവെയ്ക്കുകയായിരുന്നു. ഓഗസ്റ്റ് 19ന് അമേരിക്കയിലേക്ക് പോയ ശേഷം സെപ്തംബർ ആറിന് തിരിച്ചെത്തുന്ന വിധത്തിലായിരുന്നു യാത്ര ആദ്യം ക്രമീകരിച്ചിരുന്നത്.

എന്നാൽ പ്രളയം കേരളത്തെ ഉലച്ചതോടെ യാത്ര സെപ്തംബർ രണ്ടിലേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുലര്‍ച്ചെ 4.40നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.

അതെ സമയം അമേരിക്കയിലെ ചികിത്സകള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് കേരളത്തിൽ തിരിച്ചെത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.

This post was last modified on September 20, 2018 10:21 am