X

കോണ്‍ഗ്രസുകാര്‍ പാകിസ്താനില്‍ പോയി ഭീകരരുടെ മൃതദേഹം എണ്ണട്ടെ, 300 മൊബൈല്‍ ഉപയോഗിച്ചത് മരങ്ങളാണോ?: രാജ്‌നാഥ് സിംഗ്‌

ബലാകോട്ടില്‍ 300 മൊബൈല്‍ ഉപയോഗിച്ചത് മരങ്ങളാണോ എന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു.

കോണ്‍ഗ്രസുകാര്‍ പാകിസ്താനില്‍ പോയി ഭീകരരുടെ മൃതദേഹം എണ്ണട്ടെ എന്ന പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ബോംബിംഗില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം അറിയാന്‍ കോണ്‍ഗ്രസ് സുഹൃത്തുക്കള്‍ക്ക് അത്ര താല്‍പര്യമുണ്ടെങ്കില്‍ അവര്‍ പാകിസ്താനില്‍ പോയി എണ്ണി വരട്ടെ എന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. അസമിലെ ധൂബ്രിയില്‍ ബി എസ് എഫിന്റെ പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ആഭ്യന്തര മന്ത്രി.

ബിജെപി ബലാകോട്ട് വ്യോമാക്രണത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പുറത്തുവിട്ട് പാകിസ്താന്റെ അപവാദ പ്രചാരണങ്ങള്‍ക്ക് തടയിട്ട് അവരെ ലോകത്ത് ഒറ്റപ്പെടുത്തണം എന്നാണ് വിദേശകാര്യ സെക്രട്ടറിയോട് ശശി കരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ആവശ്യപ്പെട്ടത്. പി ചിദംബരവും കപില്‍ സിബലും അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നു. ബലാകോട്ടില്‍ 300 മൊബൈല്‍ ഉപയോഗിച്ചത് മരങ്ങളാണോ എന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ബോംബിംഗില്‍ തകര്‍ന്നത് പൈന്‍ മരങ്ങളാണ് എന്ന പാകിസ്താന്റെ വാദത്തെ പരിഹസിച്ചുകൊണ്ടാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്.

പല പാര്‍ട്ടികളുടേയും നേതാക്കള്‍ വ്യോമാക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്ന് ചോദിക്കുന്നു. അത് ഇന്നോ നാളെയോ അറിയാം. എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന് പാകിസ്താനും അവരുടെ നേതാക്കള്‍ക്കുമറിയാം. ആക്രമണം നടത്തിയ ശേഷം എയര്‍ഫോഴ്‌സ് മൃതദേഹങ്ങള്‍ എണ്ണണം എന്നാണോ പറഞ്ഞുവരുന്നത്. ഇതെന്ത് തമാശ – രാജ്‌നാഥ് സിംഗ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ടിആര്‍ഒയുടെ (നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) നിഗമനം 12 മിറാഷ് വിമാനങ്ങള്‍ ആക്രമണത്തിനായി ബലാകോട്ടിലെത്തുമ്പോള്‍ 300 മൊബൈല്‍ ഫോണുകള്‍ ആക്ടീവ് ആയിരുന്നു എന്നാണ്. എന്‍ടിആര്‍ഒ രാജ്യത്തെ ഏറ്റവും ഉന്നതമായ ടെക്‌നിക്കല്‍ അനാലിസിസ് ആന്‍ഡ് ഇന്റലിജന്‍സ് എജന്‍സിയാണ്. അവരെ കോണ്‍ഗ്രസിന് വിശ്വാസമില്ല എന്നാണോ – രാജ്‌നാഥ് സിംഗ് ചോദിച്ചു.

മുന്നൂറിനടത്ത് ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണ് ആക്രമണം നടന്ന ഫെബ്രുവരി 26ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഈ അവകാശവാദത്തെ തള്ളിക്കളയുന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളായ റോയിട്ടേഴ്‌സിന്റേയും ന്യൂയോര്‍ക്ക് ടൈംസിന്റേയും അല്‍ ജസീറയുടേയും മറ്റും റിപ്പോര്‍ട്ടുകള്‍. 250 ഭീകരര്‍ കൊല്ലപ്പെട്ടു എന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞത്.

This post was last modified on March 5, 2019 8:35 pm

Related Post
Leave a Comment