X

ദേവഗൗഡയ്‌ക്കെതിരെ കോണ്‍ഗ്രസ് സിറ്റിംഗ് എംപി; അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്, പിന്മാറില്ലെന്ന് നേതാവ്‌

കോണ്‍ഗ്രസ് പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടും എസ് മുദ്ദഹനുമഗൗഡ ഇതിന് തയ്യാറാകുന്നില്ല.

കോണ്‍ഗ്രസിന് 20, ജെഡിഎസിന് എട്ട് നിലയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെങ്കിലും കര്‍ണാടകയിലെ സഖ്യത്തില്‍ തലവേദന ഒഴിയുന്നില്ല. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയ്‌ക്കെതിരെ കര്‍ണാടകയിലെ തുമാകുരുവില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംപി മത്സരിക്കുന്നു. കോണ്‍ഗ്രസ് പിന്മാറാന്‍ ആവശ്യപ്പെട്ടിട്ടും എസ് മുദ്ദഹനുമഗൗഡ ഇതിന് തയ്യാറാകുന്നില്ല.

സിറ്റിംഗ് സീറ്റായ ഹാസന്‍ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് നല്‍കിയാണ് ദേവഗൗഡ തുമാകുരുവിലേയ്ക്ക് വന്നത്. ഇന്നലെയാണ് ദേവഗൗഡ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. 29 വര്‍ഷം എംപിയായ ഞാന്‍ ഇത്തവണ മത്സരിക്കേണ്ട എന്ന് തീരുമാനിച്ചതാണ്. എന്നാല്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയും അടക്കമുള്ളവര്‍ തന്നോട് ആവശ്യപ്പെട്ടതായി ദേവഗൗഡ പറഞ്ഞിരുന്നു. തുമാകുരുവില്‍ തന്നെ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളടക്കം ആവശ്യപ്പെട്ടെന്നും ദേവഗൌഡ പറയുന്നു.

തന്റെ സീറ്റ് ജെഡിഎസിന് നല്‍കിയത് അംഗീകരിക്കാന്‍ മുദ്ദ ഹനുമ ഗൗഡ തയ്യാറല്ല.
തുമാകുരു ജെഡിഎസിനുള്ള നല്‍കാന്‍ തീരുമാനിച്ചത് രാഹുല്‍ ഗാന്ധിയാണ് എന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പറയുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും ചെയ്തു. രണ്ട് ഘട്ടമായാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് ഏപ്രില്‍ 18നാണ് തുമാകുരുവില്‍ വോട്ടെടുപ്പ് നടക്കുന്നത്. ബംഗളൂരു നോര്‍ത്താണ് ജെഡിഎസും ദേവഗൗഡയും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇത് നല്‍കിയില്ല.

This post was last modified on March 26, 2019 1:08 pm