X

സാമ്പത്തിക സംവരണത്തിനെതിരെ ജ.ചെലമേശ്വര്‍; ഭരണഘടന സംവരണം നല്‍കുന്നത് സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്

ഏര്‍പ്പെടുത്തിയിരിക്കുന്ന 10 ശതമാനം സംവരണം എത്രകാലം നിലനില്‍ക്കുമെന്ന് അറിയില്ല. ഭരണഘടന ഇത് അംഗീകരിക്കുന്നില്ല എന്ന് മാത്രം പറയുന്നു.

ഇന്ത്യന്‍ ഭരണഘടന സംവരണം ഉറപ്പ് നല്‍കുന്നത് സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കാണെന്നും സാമ്പത്തികമായി പിന്നോക്കം നല്‍ക്കുന്ന വിഭാഗങ്ങള്‍ക്കല്ലെന്നും സുപ്രീം കോടതി മുന്‍ ജഡ്ജി ജെ.ചെലമേശ്വര്‍. സര്‍ക്കാര്‍ സര്‍വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്ന വിധം പാര്‍ലമെന്റ് പാസാക്കിയ ഭേദഗതി ബില്‍ (124ാം ഭരണഘടനാ ഭേദഗതി) സംബന്ധിച്ചാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഇക്കാര്യം പറഞ്ഞത്. ബോംബെ ഐഐടിയില്‍ സംഘടിപ്പിച്ച അംബേദ്കര്‍ മെമ്മോറിയല്‍ ലക്്ചറില്‍ ഭരണഘടനയുടെ ഏഴ് പതിറ്റാണ്ട് എന്ന വിഷയത്തില്‍ പ്രഭാഷണത്തിനെത്തിയ ചെലമേശ്വര്‍, ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞത്.

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള അധികാരമാണ് പാര്‍ലമെന്റ് അടക്കമുള്ള നിയമനിര്‍മ്മാണ സഭകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്നത്. അല്ലാതെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കല്ല. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 10 ശതമാനം സംവരണം എത്രകാലം നിലനില്‍ക്കുമെന്ന് അറിയില്ല. ഭരണഘടന ഇത് അംഗീകരിക്കുന്നില്ല എന്ന് മാത്രം പറയുന്നു.

ന്യായാധിപവൃത്തിയില്‍ നിന്ന് വിരമിച്ച ശേഷം സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന പദവികള്‍ സ്വീകരിക്കേണ്ട എന്നത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു എന്ന് ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറായ എച്ച്എസ് ബ്രഹ്മ പറഞ്ഞത്, രാജ്യത്ത് പലരും എംപിയാകാന്‍ 50 കോടി ചിലവാക്കുന്നു എന്നാണ്. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. ഇത്തരത്തില്‍ എംപിയാകുന്നവര്‍ ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാനല്ല, മുടക്കുമുതല്‍ തിരിച്ചുപിടിക്കാനാണ് ശ്രമിക്കുകയെന്നും ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി അറിയണം. തെറ്റായ കാര്യങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ രംഗത്തുവരണം. ജനാധിപത്യപരമായ പ്രതിഷേധങ്ങളുയര്‍ത്തണം. ജുഡീഷ്യറിയില്‍ സമൂല പരിഷ്‌കാരം വേണം. ഏത് വിധിയും അക്കാഡമിക് ചര്‍ച്ചയ്ക്ക് വിധേയമാക്കണം. വിധിയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം – ജ.ചെലമെശ്വര്‍ പറഞ്ഞു.

This post was last modified on January 24, 2019 12:58 pm