ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എയും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ്് അംഗവുമായ പികെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന. ആരോപണവിധേയരെ പൂമാലയിട്ട് സ്വീകരിക്കുകയും എഴുന്നള്ളിച്ച് ഘോഷയാത്ര നടത്തുകയും ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎം എന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. സ്ത്രീസുരക്ഷ ഉറപ്പാക്കുക, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുക എന്നീ കാര്യങ്ങളില്‍ എക്കാലവും ഉറച്ച നിലപാട് സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സിപിഎം. പികെ ശശിക്കെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന പരാതിയിലും പാര്‍ട്ടിയുടെ ഭരണഘടനയ്ക്കും അന്തസിനും സദാചാര മൂല്യങ്ങള്‍ക്കും അനുസൃതമായ തീരുമാനമായിരിക്കും സിപിഎം കൈക്കൊള്ളുകയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
പികെ ശശിക്കെതിരായ പരാതിയെ സംസ്ഥാന നേതൃത്വം ഗൗരവമായി എടുക്കാതെ അവഗണിച്ചു എന്ന മാധ്യമപ്രചാരണം അടിസ്ഥാനരഹിതമാണ്. ഓഗസ്റ്റ് 14ന് യുവതിയുടെ പരാതി സംസ്ഥാന കമ്മിറ്റിക്ക് ലഭിച്ചിരുന്നു. പരാതി കിട്ടിയ ഉടന്‍ പരാതിക്കാരിയുടെ വിശദീകരണം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേട്ടു. തുടര്‍ന്ന് പികെ ശശിയെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ വിശദീകരണം കേട്ടു. ഇക്കാര്യങ്ങള്‍ ഓഗസ്റ്റ് 31ന് ചേര്‍ന്ന സംസ്ഥാനസെക്രട്ടറിയേറ്റ് യോഗത്തില്‍ കോടിയേരി വിശദീകരിച്ചു. യുവതിയുടെ പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ യോഗം തീരുമാനിച്ചു. പരാതി അന്വേഷിക്കാന്‍ എകെ ബാലന്‍, പികെ ശ്രീമതി എന്നിവരെ ചുമതലപ്പെടുത്തി. അവര്‍ അന്വേഷണം നടത്തുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഉചിതമായ നടപടിയുണ്ടാകുമെന്നും സിപിഎം അറിയിച്ചു. ഇതിനിടെ പികെ ശശിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്ത് നല്‍കി.
This post was last modified on September 7, 2018 6:48 pm
Leave a Comment