X

ബലാകോട്ട് ആക്രമണമോ? അതെന്താ?: ബിജെപി സ്ഥാനാര്‍ത്ഥിയായ നടന്‍ സണ്ണി ഡിയോള്‍

"ബലാകോട്ടിനെപ്പറ്റി എനിക്ക് ഒന്നുമറിയില്ല. എനിക്ക് തിരഞ്ഞെടുപ്പ് ജയിക്കുകയും രാജ്യത്തെ സേവിക്കുകയും ചെയ്താല്‍ മതി".

പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് സംബന്ധിച്ച് താന്‍ കേട്ടിട്ടില്ലെന്ന് പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ നടന്‍ സണ്ണി ഡിയോള്‍. ബലാകോട്ട് വ്യോമാക്രമണം രാജ്യത്തെ ഐക്യപ്പെടുത്താന്‍ സഹായകമായോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സണ്ണി ഡിയോള്‍. ബലാകോട്ട് വ്യോമാക്രമണം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമടക്കമുള്ള ബിജെപി നേതാക്കള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നതിന് ഇടയിലാണ് സണ്ണി ഡിയോളിന്റെ ശ്രദ്ധേയമായ പ്രതികരണം. ബലാകോട്ട് ആക്രമണത്തിന് തെളിവ് ചോദിച്ചു എന്ന് പറഞ്ഞ് പ്രതിപക്ഷ പാര്‍ട്ടികളെ മോദി ആക്രമിച്ചിരുന്നു.

ബലാകോട്ടിനെപ്പറ്റി എനിക്ക് ഒന്നുമറിയില്ല. എനിക്ക് തിരഞ്ഞെടുപ്പ് ജയിക്കുകയും രാജ്യത്തെ സേവിക്കുകയും ചെയ്താല്‍ മതി. കഴിഞ്ഞ അഞ്ച് വര്‍ഷം മോദിജി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തു. ഇത്തരത്തിലുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നാണ് ആഗ്രഹം. രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ മോദിയെപ്പോലെ നല്ലൊരു നേതാവ് വേണം – സണ്ണി ഡിയോള്‍ എന്‍ഡിടിവിയോട് പറഞ്ഞു. മേയ് 19ന്റെ അവസാന ഘട്ടത്തിലാണ് ഗുര്‍ദാസ്പൂരില്‍ വോട്ടെടുപ്പ്.

This post was last modified on May 7, 2019 8:02 pm