ഡല്‍ഹി ഈസ്റ്റ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എസിയിട്ട് കാറിലിരിക്കെ വാഹനത്തിന് മുന്നില്‍ കയറി നിന്ന് ഗംഭീറിന്റെ ഡ്യൂപ്പ് പ്രചാരണം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും വലിയ ചര്‍ച്ചയാവുകയും ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത് ഗംഭീറിന്റെ ഡ്യൂപ്പ് ആയ ഗൗരവ് അറോറയാണ്. 20 വര്‍ഷമായി ഗംഭീറിനെ അറിയാമെന്നും ആദ്യ ദിവസം മുതല്‍ തന്നെ താന്‍ ഗംഭീറിന് വേണ്ടി പ്രചാരണം നടത്തുന്നുണ്ടെന്നുമാണ് ഗംഭീറിന്റെ ബാല്യകാല സുഹൃത്തായ ഗൗരവ് അറോറ പറയുന്നത്. ഡല്‍ഹി അണ്ടര്‍ 19 ടീമില്‍ ഗംഭീറിനൊപ്പം ഗൗരവുമുണ്ടായിരുന്നു. ചൂടില്‍ നിന്ന് രക്ഷപ്പെടാനായി ഗംഭീര്‍ ഡ്യൂപ്പിനെ ഇറക്കി എന്ന് ആം ആദ്മി പാര്‍ട്ടി പരിഹസിച്ചിരുന്നു. എഎപി പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന് ഗൗരവ് അറോറ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ഗംഭീറിന് ക്ഷീണം തോന്നിയത് കൊണ്ട് കാറിനകത്തേയ്ക്ക് പോവുകയായിരുന്നു. ഗംഭീര്‍ ഫ്രണ്ട് സീറ്റില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും കാറിനകത്തിരിക്കുന്ന ഗംഭീറിനെയാണ് കൈവീശി കാണിച്ചിരുന്നത്. ഞാന്‍ ഡ്യൂപ്പ് ആയിരുന്നെങ്കില്‍ ഗംഭീര്‍ എന്തിന് കാറിലിരിക്കണം – ഗൗരവ് അറോറ ചോദിച്ചു. വെള്ള കുര്‍ത്തയും ഗംഭീര്‍ ധരിക്കുന്ന പോലുള്ള തൊപ്പിയുമിട്ടാണ് ഗൗരവ് അറോറ വാഹനത്തിന് മുകളില്‍ കയറി നിന്ന് വോട്ടര്‍മാരെ അഭിവാദ്യം ചെയ്ത് മുന്നോട്ട് നീങ്ങിയത്. പലരും ഗംഭീര്‍ എന്ന് കരുതി ഗൗരവിനെ മാലയണിയിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ഗംഭീര്‍ നീല കുര്‍ത്തയും ഗൗരവ് വെള്ള കുര്‍ത്തയുമാണ് ധരിച്ചിരുന്നത്. കാറിലിരിക്കുന്ന ഗൗതമിനെ എല്ലാവര്‍ക്കും കാണാമായിരുന്നു. ഇതില്‍ എവിടെയാണ് തെറ്റിദ്ധരിപ്പിക്കല്‍ എന്നും ഗൗരവ് ചോദിച്ചു.
ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ കാണുന്നത് എന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. 2017 ഡല്‍ഹി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഗൗരവ് അറോറ മത്സരിച്ചിരുന്നു. അതേസമയം താന്‍ കോണ്‍ഗ്രസില്‍ സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ലെന്നും ഗംഭീര്‍ അടുത്ത സുഹൃത്തായത് കൊണ്ടാണ് പ്രചാരണത്തിനിറങ്ങിയത് എന്നും ഗൗരവ് അറോറ പറഞ്ഞു. അരവിന്ദ് സിംഗ് ലവ്ലി ആണ് ഈസ്റ്റ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
ആറാം ഘട്ടത്തില്‍ ഡല്‍ഹിയും ആറ് സംസ്ഥാനങ്ങളും – 59 മണ്ഡലങ്ങളില്‍ ഇന്ന് ജനവിധി
This post was last modified on May 12, 2019 11:34 am
Leave a Comment