X

തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തില്‍; വി എം സുധീരനെയടക്കം ഫയര്‍ഫോഴ്സ് രക്ഷിച്ചു

അഞ്ചു ദിവസം കൂടി മഴ തുടരുമെന്നും വരുന്ന 48 മണിക്കൂറിൽ മഴയുടെ ശക്തി വർധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുത്ത് 24 മണിക്കൂറായി കനത്ത മഴ തുടരുന്നു. അഞ്ചു ദിവസം കൂടി മഴ തുടരുമെന്നും വരുന്ന 48 മണിക്കൂറിൽ മഴയുടെ ശക്തി വർധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  

മലയോര മേഖലകളായ നെടുമങ്ങാട്‌, ബോണക്കാട്, കള്ളിക്കാട് കുറ്റിച്ചൽ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ നെയ്യാർ ഡാം, പേപ്പാറ ഡാം എന്നിവ തുറന്നു വിട്ടു. നെയ്യാർ ഡാമിൽ നാല് ഷട്ടറുകൾ മൂന്നു അടി ഉയരത്തിലാണ് തുറന്നു വിട്ടിരിക്കുന്നത്. മഴ ഇതേ അവസ്ഥയിൽ തുടർന്നാൽ ഷട്ടറുകൾ ഇനിയും ഉയർത്തേണ്ടി വരുമെന്നും പ്രദേശവാസികൾ മുൻകരുതൽ എടുക്കണം എന്നും അറിയിപ്പുണ്ട്. നെയ്യാർ, കരമനയാർ, കിള്ളിയാർ തീരങ്ങളിൽ ഉള്ളവർ ആറുകളിലേക്ക് ഇറങ്ങരുതെന്ന പ്രത്യേക നിർദ്ദേശവും ഉണ്ട്‌.

അതേസമയം കിള്ളിയാർ, കരമനയാർ, ആമയിഴഞ്ചാൻ തോട് എന്നിവ കരകവിഞ്ഞൊഴുകകയാണ്. പുലർച്ചെയോട് തന്നെ സമീപ പ്രദേശങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലും വെള്ളം ഇരച്ചു കയറി നാശനഷ്ടങ്ങൾ ഉണ്ടായി. തിരുവനന്തപുരത്തു 30ൽ അധികം വീടുകൾ നശിച്ചതായും റിപോർട്ടുകൾ ഉണ്ട്‌.

ആമയിഴഞ്ചാൻ തോട് കരകവിഞ്ഞൊഴുകുന്നതിനെ തുടർന്നു സമീപത്തെ കോസ്മോപോളിറ്റൻ ആശുപത്രിയിലെ താഴത്തെ നിലയിൽ വെള്ളം കയറി. താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന ഫർമസിയിൽ നിന്നും മരുന്നുകൾ മറ്റു ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. 9 കൗണ്ടറുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. കൂടാതെ നഗരത്തിന്റെ പല ഇടങ്ങളിലായി പാർക്ക്‌ ചെയ്തിരുന്ന വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയിട്ടുണ്ട്.

ഗൗരീശപട്ടണം വെള്ളപ്പൊക്കത്തിൽ പൂർണമായും ഒറ്റപെട്ടതായാണ് അറിയാൻ സാധിച്ചത്. വീടുകളിൽ അകപ്പെട്ടു പോയ കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍ അടക്കമുള്ളവരെ ഫയർ ഫോഴ്സ് രക്ഷിച്ചു. ശക്തമായ മഴയിൽ ജനജീവിതം സ്തംഭിച്ച സ്ഥിതിയാണ് തെക്കൻ കേരളത്തിൽ തുടരുന്നത്.

തിരുവനന്തപുരം രാജാജി നഗർ, ജഗതി പീപ്പിൾ’സ് ലൈബ്രറി, കാലടി ഹൈസ്കൂൾ, പാറ്റൂർ വിദ്യാധിരാജ സ്കൂൾ, പുത്തൻപാലം കമ്മ്യൂണിറ്റി ഹാൾ, നെയ്യാർഡാം,  കുന്നുകുഴി എന്നിവിടങ്ങളിലായി ദേശീയ ആരോഗ്യ ദൗത്യതിന്റെ കീഴിൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉടനെ പ്രവർത്തനം ആരംഭിക്കും. ദുരിത ബാധിതരെയും മഴക്കെടുതിയിൽ പെടാൻ സാധ്യതയുള്ളവരെയും മാറ്റി പാർപ്പിക്കാനുള്ള നടപടികൾ പല സ്ഥലങ്ങളിലായി നടക്കുന്നു.

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

This post was last modified on August 15, 2018 5:18 pm