X

ഹാദിയ താമസിക്കുന്ന കേരള ഹൗസ് ഡല്‍ഹി പൊലീസിന്റെ നിയന്ത്രണത്തില്‍: മാധ്യമങ്ങള്‍ക്ക് വിലക്ക്

താമസക്കാരെയല്ലാതെ ആരെയും ഇവിടേയ്ക്ക് കടത്തിവിടുന്നില്ല. ഹാദിയ കേരളത്തിലേയ്ക്ക് മടങ്ങുന്നത് വരെയാണ് നിയന്ത്രണം.

നാളെ സുപ്രീംകോടതിയില്‍ ഹാജരാകാന്‍ വേണ്ടി എത്തിയ ഹാദിയ താമസിക്കുന്ന ഡല്‍ഹി കേരള ഹൗസില്‍ മാധ്യമപ്രവര്‍ത്തകരടക്കം പുറത്തുനിന്നുള്ളവര്‍ പ്രവേശിക്കുന്നതിന് ഡല്‍ഹി പൊലീസിന്റെ വിലക്ക്. കേരള ഹൗസ് ഡല്‍ഹി പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലും നിയന്ത്രണത്തിലുമാണ്. ഇന്നലെ രാത്രി ഒമ്പത് മണി മുതലാണ് ഇത്. താമസക്കാരെയല്ലാതെ ആരെയും ഇവിടേയ്ക്ക് കടത്തിവിടുന്നില്ല. സാധാരണയായി രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാറുള്ള കേരള ഹൗസ് കാന്റീന്‍ ഒമ്പതിന് തന്നെ ഡല്‍ഹി പൊലീസ് അടപ്പിച്ചു. കേരള ഹൗസിന്‍റെ പ്രധാന ബ്ലോക്കില്‍ മന്ത്രിമാരും മറ്റും താമസിക്കുന്നതിന്‍റെ താഴത്തെ നിലയിലാണ് ഹാദിയയുടെ മുറി. ഹാദിയ കേരളത്തിലേയ്ക്ക് മടങ്ങുന്നത് വരെയാണ് നിയന്ത്രണം.

നാളെ ഉച്ച കഴിഞ്ഞ് മൂന്നിന് ഹാദിയ സുപ്രീംകോടതിയില്‍ ഹാജരാകും. ഹാദിയയ്ക്ക് പറയാനുള്ളത് നേരിട്ട് കേള്‍ക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹാദിയയെ ഹാജരാക്കുന്നത്. താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം തിരഞ്ഞെടുത്തത് എന്നും ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചതെന്നും ഹാദിയ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം നേരത്തെ എന്‍ഐഎ ഉദ്യോഗസ്ഥരോട് അവര്‍ പറയുകയും ഇത് വ്യക്തമാക്കി സുപ്രീംകോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.

”ഞാന്‍ മുസ്ലിമാണ്… എനിക്കെന്റെ ഭര്‍ത്താവിനൊപ്പം പോകണം” ഹാദിയ-വീഡിയോ

This post was last modified on November 26, 2017 10:44 am