X

ബഹുനില കെട്ടിടത്തിൽ ഇടിച്ച് ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റ് കൊല്ലപ്പെട്ടു (വീഡിയോ)

ന്യൂയോര്‍ക്കിലെ മൻഹാട്ടനില്‍ ഹെലികോപ്റ്റർ തകർന്നു വീണ് പൈലറ്റ് കൊല്ലപ്പെട്ടു. മഴയും ശക്തമായ മൂടല്‍ മഞ്ഞും കാരണം പല ഉയരംകൂടിയ കെട്ടിടങ്ങളും കാണാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ന്യൂയോർക്കിലെ അഗ്നിശമന വിഭാഗം ട്വിറ്ററില്‍ കുറിച്ചു. ബഹുനില കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ ഇടിച്ചതാണ് അപകട കാരണമെന്ന് ന്യൂയോർക്ക് പോലീസ് പറഞ്ഞു.

തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൌസ് പ്രസ്താവനയിൽ പറഞ്ഞു. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അപകടം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

അപകടം നടന്ന 787 സെവൻത്ത് അവന്യൂവിലെ ആക്സാ ഇക്വിറ്റബ്ള്‍ സെന്‍റര്‍ എന്ന ഈ കെട്ടിടത്തിന് 54 നിലകളുണ്ട്. ബ്രോഡ്വേ തിയറ്ററിനും ടൈംസ് സ്ക്വയറിനും അടുത്തായാണ്‌ അത് സ്ഥിതിചെയ്യുന്നത്. കോർപ്പറേറ്റ് കലകളുടെ വിപുലമായ പ്രദർശനങ്ങളാണ് 1986-ല്‍ പ്രവര്‍ത്തനമാരംഭിച്ച ആക്സയുടെ പ്രത്യേകത. തോമസ് ഹാർട്ട് ബെന്‍ഡന്‍റെ ചുവർച്ചിത്രങ്ങൾ, റോയ് ലിക്റ്റൻസ്റ്റീൻ, സോൽ ലെവിറ്റ് തുടങ്ങിയ സമകാലീനരായ കലാകാരന്മാരുടെ സൃഷ്ടികള്‍, ബാരി ഫ്ളാനാൻഗൻ, സ്കോട്ട് ബർട്ടൻ തുടങ്ങിയവര്‍ രൂപകല്‍പ്പന ചെയ്ത വലിയ ശില്‍പ്പങ്ങള്‍ എന്നിവയോക്കെയാണ് ആക്സാ ഇക്വിറ്റബ്ള്‍ സെന്‍ററിനെ പ്രസിദ്ധമാക്കുന്നത്.

കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍ അടര്‍ന്നു വീഴാന്‍ സാധ്യതയുള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം പ്രദേശത്ത് ശക്തമായ നിയന്ത്രണങ്ങളാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാന്‍ഹാട്ടണിലേയും സമീപ പ്രദേശങ്ങളിലേയും നിവാസികളെ സംബന്ധിച്ച് ഹെലികോപ്റ്റർ അപകടങ്ങള്‍ അത്ര പുതുമയുള്ള സഭാവമൊന്നുമല്ല. കഴിഞ്ഞ വർഷം കിഴക്കൻ നദിയിൽ ഒരു വിമാനം തകർന്നുവീണ് അഞ്ചു പേർ മരിച്ചിരുന്നു. 2011-ൽ ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 2009-ൽ ഹെലികോപ്ടറും ഒരു ചെറിയ വിമാനവും തമ്മില്‍ കൂട്ടിയിടിച്ച് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടിരുന്നു.

Read More: ‘ഇതെന്താ പാകിസ്ഥാന്റെ കൊടിയാണോ?’, ബോട്ടുകളില്‍ പച്ചക്കൊടി കണ്ടാല്‍ കോസ്റ്റ്ഗാര്‍ഡിന്റെ ചോദ്യം; ആവര്‍ത്തിച്ചുള്ള ഈ അന്വേഷണം അത്ര നിഷ്കളങ്കമല്ലെന്ന് മത്സ്യത്തൊഴിലാളികള്‍

This post was last modified on June 11, 2019 10:03 am

Related Post
Leave a Comment